വിഭജനശക്തികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് ഹിമന്ത ബിശ്വ ശർമ

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ അനുകൂലിച്ച് ബിജെപി നേതാക്കൾ. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് നിരോധനത്തെ സ്വാഗതം ചെയ്തപ്പോൾ രാജ്യത്തെ വിഭജിക്കുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പിഎഫ്‌ഐക്ക് എതിരെ കേന്ദ്ര സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചുവെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ഇന്ന് രാവിലെയാണ് രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പോപുലർ ഫ്രണ്ടിന് നിരോധനമേർപ്പെടുത്തിയത്. കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ,ഓൾ ഇന്ത്യാ ഇമാംമ്സ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് ഓർഗനൈസെഷൻ,നാഷണൽ വുമൺസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. യുപി,കർണാടക,ഗുജറാത്ത്‌ സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്,ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

Top