രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ അര്‍ഥം രാഹുല്‍ ആദ്യം മനസിലാക്കണം; പരിഹാസവുമായി ഹിമന്ദ ബിശ്വ ശര്‍മ

ദിസ്പുര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മ. ബിജെപി രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയാണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. രാഹുല്‍ ഗാന്ധി പാവം വിദ്യാഭ്യാസമില്ലാത്തയാളാണ്, രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ അര്‍ഥം എന്താണെന്ന് ആദ്യം മനസ്സിലാക്കണമെന്നാണ് ഹിമന്ദ ബിശ്വ ശര്‍മയുടെ പരിഹാസം.

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് സിങ് ഉത്തര്‍പ്രദേശിലെ കേവലം എംഎല്‍എ മാത്രമാണ്. ഇത് രാഹുല്‍ മനസിലാക്കണം, രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ച് പറയുമ്പോള്‍ പ്രിയങ്കാ ഗാന്ധിയോളം വരുമോ എന്നും ഹിമന്ദ ബിശ്വാസ് ശര്‍മ ചോദിച്ചു. മിസോറമില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് രാഹുല്‍ ബിജെപി നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്. കേന്ദ്രമന്ത്രി അമിത്ഷായ്‌ക്കെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

അമിത് ഷായുടെ മകന്‍ ജയ് ഷാ, അനുരാഗ് താക്കൂര്‍, രാജ്‌നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് സിങ് എന്നിവര്‍ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയ്ക്ക് ഉദാഹരണമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ബിജെപി നേതാവ് രംഗത്ത് വന്നത്. ‘രാഹുല്‍ ഗാന്ധി ആദ്യം രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ അര്‍ഥം മനസ്സിലാക്കണം. ബിസിസിഐ എന്നത് ബിജെപിയുടെ ഭാഗമാണെന്നാണ് അദ്ദേഹം കരുതുന്നത്. പാവം. വിദ്യാഭ്യാസമില്ലാത്തയാളാണ്- ഹിമന്ദ ബിശ്വ ശര്‍മ പരിഹസിച്ചു.

Top