Himalayas Subsided By 60 cm After Nepal Earthquake

ലണ്ടന്‍: നേപ്പാളിനെ ഇളക്കിമറിച്ച കഴിഞ്ഞ വര്‍ഷത്തെ ഭൂകമ്പത്തെ തുടര്‍ന്ന് ഹിമാലയന്‍ പര്‍വതനിരകള്‍ 60 സെന്റീമീറ്റര്‍ താണതായി റിപ്പോര്‍ട്ടുകള്‍. എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തില്‍ വ്യത്യാസമുണ്ടായിട്ടില്ല

ഭൂകമ്പത്തെ തുടര്‍ന്ന് ഹിമാലയം 60 സെന്റീമീറ്റര്‍ താണതായി ഉപഗ്രഹപഠനത്തില്‍ നിന്നുമാണ് വ്യക്തമായത്.ഭൂകമ്പത്തിന് കാരണമായ ഭൂമിക്കടിയിലെ ഭ്രംശമേഖലയില്‍ കഠിനമായ സമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ നേപ്പാളില്‍ ശക്തമായ ഭൂകമ്പത്തിന് ഇനിയും സാധ്യതയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്‍കി.

ഉപഗ്രഹനിരീക്ഷണങ്ങളുടെ പിന്തുണയോടെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ജോണ്‍ എല്ലിയേറ്റും സംഘവും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പുതിയ ലക്കം ‘നേച്ചര്‍ ജിയോസയന്‍സി’ല്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘വളരുന്ന’ പര്‍വ്വതനിരയാണ് സാധാരണഗതില്‍ ഹിമാലയം. ഭൂപ്രതലത്തില്‍നിന്ന് 20 കിലോമീറ്റര്‍ താഴ്ചയിലുള്ള ഒരു തിട്ടയിലേക്ക് അതിന് താഴെനിന്ന് പദാര്‍ഥങ്ങള്‍ തള്ളുന്നതിന്റെ ഫലമാണ് പര്‍വ്വതവളര്‍ച്ച സാധ്യമാകുന്നത്.

എന്നാല്‍, 2015 ഏപ്രിലിലെ ഭൂകമ്പത്തില്‍ ആ പ്രക്രിയ നേരെ വിപരീതമായെന്ന് ഗവേഷകര്‍ പറയുന്നു. ഭൂകമ്പഫലമായി സമ്മര്‍ദ്ദം ഒഴിഞ്ഞപ്പോള്‍ ഭൂപ്രതലം പൊടുന്നനെ താഴേക്ക് അമര്‍ന്നു. അങ്ങനെയാണ് ഹിമാലയത്തിന് പൊക്കം കുറഞ്ഞത്.

‘സാറ്റ്‌ലൈറ്റ് സാങ്കേതികവിദ്യയുപയോഗിച്ച് നേപ്പാളിന്റെ കിഴക്കന്‍ മേഖലയുടെ ഉയരം കൃത്യമായി നിര്‍ണയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവിടെയുള്ള വലിയ കൊടുമുടികളുടെയെല്ലാം ഉയരം, ഭൂകമ്പമുണ്ടായി സെക്കന്‍ഡുകള്‍ക്കകം 60 സെന്റീമീറ്റര്‍ വീതം കുറഞ്ഞു’ എല്ലിയേറ്റ് പറഞ്ഞു.

ഭൂകമ്പമുണ്ടായ പ്രദേശത്തിന് 50 കിലോമീറ്ററിലേറെയാണ് എവറസ്റ്റ് കൊടുമുടിയുടെ സ്ഥാനം. അതിനാല്‍ എവറസ്റ്റിന്റെ പൊക്കത്തില്‍ വ്യത്യാസമൊന്നുമുണ്ടായില്ല ഗവേഷകര്‍ അറിയിച്ചു.

നേപ്പാള്‍ ഭൂകമ്പത്തിനുശേഷം, ഇന്ത്യ-നേപ്പാള്‍ ഭൂഗര്‍ഭപാളികളില്‍ പ്രത്യക്ഷപ്പെട്ട വിള്ളലുകള്‍ താമസിയാതെ മറ്റൊരു ഭൂകമ്പത്തിനു കാരണമായേക്കുമെന്നാണ് ഗവേഷകരുടെ നിഗമനം. കഠ്മണ്ഡുവിന്റെ ഭൗമോപരിതലത്തില്‍നിന്നു 11 കിലോമീറ്റര്‍ താഴെവരെയാണു വിള്ളലുള്ളത്. ഇതുമൂലം അതിനു മുകളിലേക്കുള്ള ഭാഗങ്ങളില്‍ ഭൗമപാളികളുടെ കടുത്ത മര്‍ദം സംഭവിക്കുന്നുണ്ട്. ഇതാണു മറ്റൊരു ഭൂകമ്പസാധ്യത ഉയര്‍ത്തുന്നത്.

Top