ദുരിതപ്പെയ്ത്ത് ഒഴിയാതെ ഹിമാചല്‍; ഓഗസ്റ്റ് 24 വരെ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഓഗസ്റ്റ് 24 വരെ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ 24 വരെ സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയെ തുടര്‍ന്ന് വിളകള്‍, ഫലവൃക്ഷങ്ങള്‍, ഇളം തൈകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ഉത്തരാഖണ്ഡില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പലയിടത്തും ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമായി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, പൗരി, നൈനിറ്റാള്‍, ചമ്ബാവത്, ബാഗേശ്വര്‍ എന്നീ അഞ്ച് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം മഴക്കെടുതിയില്‍ ഇതുവരെ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് വെളളിയാഴ്ച ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞിരുന്നു. ‘സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി വന്‍ നാശം വിതച്ചിട്ടുണ്ട്. നാശനഷ്ടങ്ങളെ സംബന്ധിച്ച് വിശകലനം നടത്തുകയാണ്. മണ്‍സൂണ്‍ അവസാനിച്ചാല്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. വൈദ്യുതി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

Top