ഷിംല: ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം രണ്ട് മന്ത്രിമാര്‍ ബഹിഷ്‌കരിച്ചു. റവന്യൂ മന്ത്രി ജഗത് സിങ് നേഗി, വിദ്യാഭ്യാസ മന്ത്രി രോഹിത് ഠാക്കൂര്‍ എന്നിവരാണ് യോഗത്തില്‍ ഇറങ്ങിപ്പോയത്. മന്ത്രിമാരായ വിക്രമാദിത്യ സിങ്ങും ഹര്‍ഷവര്‍ധനും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്‍പത് എംഎല്‍എമാര്‍ കൂടി അസ്വസ്ഥരാണെന്ന് വിമത എംഎല്‍എ രജീന്ദ്ര റാണ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെടല്‍ വീണ്ടും ആരംഭിച്ചു. അതിനിടെ മല്ലികാര്‍ജുന്‍ ഖര്‍ഗെ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവുമായി സംസാരിക്കുകയും ചെയ്തിരുന്നു.
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിനായി ആറംഗ സമിതി രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ്, ഉപമുഖ്യമന്ത്രി എന്നിവര്‍ അംഗങ്ങളായ ആറംഗ സമിതിക്കാണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് രൂപം നല്‍കിയത്. പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യം. എന്നാല്‍ ഇത് ഫലം കണ്ടില്ലെന്നാണ് ഇന്നത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.