ഹിമാചൽ പ്രതിസന്ധി; ഹൈക്കമാൻഡ് നീരീക്ഷകരുടെ റിപ്പോർട്ടിൽ സുഖ്‌വീന്ദര്‍ സുഖുവിന് വിമർശനം

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ സുഖ് വീന്ദര്‍ സിങ്ങ് സുഖുവിനെ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍, കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ നിര്‍ദേശിച്ച രണ്ട് നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി അടുത്ത ദിവസങ്ങളില്‍ ഏകോപന സമിതി പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ പെട്ടെന്നുള്ള പ്രശ്‌ന പരിഹാര നീക്കങ്ങളും നിരീക്ഷകര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഏകദേശം പന്ത്രണ്ടോളം അസംതൃപ്തരായ എംഎല്‍എമാര്‍ക്ക് കോര്‍പ്പറേഷനുകളും മറ്റ് തസ്തികകളും നല്‍കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിങ്ങ് ഉണ്ടാകുമെന്നത് സുഖ്‌വീന്ദര്‍ സിങ്ങ് സുഖുവിന് അറിയില്ലായിരുന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സ്വന്തം ടീമിനെ ചേര്‍ത്തുപിടിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാതെ പോയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്ന വിമതനീക്കങ്ങളെ തടയാനുള്ള ശേഷി ഭാവിയിലും സുഖുവിന് ഉണ്ടാകുമോയെന്നതിലും റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

പ്രതിസന്ധി ഘട്ടത്തില്‍ വിക്രമാദിത്യ സിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ അച്ചടക്കം തകര്‍ക്കുന്നതിന് തുല്യമായിരുന്നു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഭാവിയില്‍ വിക്രമാദിത്യ സിങ്ങിനെ ആശ്രയിക്കാന്‍ കഴിയുമോ എന്ന സംശയം ഈ നീക്കങ്ങളിലൂടെ നേതാക്കള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വിമത എംഎല്‍എമാര്‍ വന്‍തോതില്‍ പണം വാങ്ങിയാണ് ബിജെപിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പ്രതിഭാ സിങ്ങിനെതിരെയും നിരീക്ഷകർ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഭാ സിങ്ങിന് മത്സരിക്കാന്‍ അവസരം നല്‍കണമെന്നും പകരം മറ്റൊരാളെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും ഒരേസമയം നടത്തുന്നതിനായി കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് സുഖ് വീന്ദര്‍ സിങ്ങ് സുഖുവിനെ തല്‍ക്കാലം മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

Top