2016 തെരഞ്ഞെടുപ്പ്; ഹിലരി ക്ലിന്റനെതിരായ റഷ്യന്‍ ഇടപെടല്‍, ട്രംപിന് എ.ജിയുടെ ക്ലീന്‍ ചീട്ട്

വാഷിങ്ടണ്‍:ഡൊണാള്‍ഡ് ട്രംപിന് ക്ലീന്‍ ചീട്ട് നല്‍കി അറ്റോര്‍ണി ജനറല്‍. 2016ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് തെളിയിക്കാന്‍ പ്രത്യേക അന്വഷണ സംഘത്തലവനായ റോബര്‍ട്ട് മുള്ളറിന് കഴിഞ്ഞിട്ടില്ലെന്ന് അറ്റോണി ജനറല്‍ വില്യം ബാര്‍ വ്യക്തമാക്കി.

2016ല്‍ നടന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്താന്‍ റഷ്യന്‍ സര്‍ക്കാരിന്റെ ഹാക്കര്‍മാരും സാമൂഹിക മാധ്യമങ്ങളിലെ ട്രോള്‍ സംഘങ്ങളും ശ്രമിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് 400 പേജടങ്ങുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ റോബര്‍ട്ട് മുള്ളര്‍ അറ്റോര്‍ണി ജനറലിന് സമര്‍പ്പിച്ചത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തള്ളുന്നതാണ് എ.ജിയുടെ നാല് പേജുള്ള കത്ത്.

മുള്ളറുടെ റിപ്പോര്‍ട്ടിന്റെ സമഗ്ര വിവരങ്ങളാണ് കത്തില്‍ എ.ജി വിശദീകരിക്കുന്നത്. തെരഞ്ഞെടുപ്പ് തനിക്ക് അനുകൂലമാക്കാന്‍ ട്രംപ് റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ടുവെന്നതിന് മുള്ളര്‍ക്ക് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. നീതിന്യായ വകുപ്പിനും ഉന്നത കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ കത്ത് കൈമാറിയിട്ടുണ്ട്. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് ബാര്‍ പറയുന്നത്.

22 മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. അന്വേഷണത്തിനിടയില്‍ മുള്ളര്‍ 34 വ്യക്തികള്‍ക്കെതിരെയും മൂന്ന് കമ്പനികള്‍ക്കെതിരെയും കുറ്റം ചുമത്തിയിരുന്നു. ഇതില്‍ ട്രംപിന്റെ പ്രചാരണ വിഭാഗം തലവന്‍ പോള്‍ മാന്‍ഫോര്‍ട്ടും ഉള്‍പ്പെട്ടിരുന്നു.

Top