ഇന്ധനവിലക്കയറ്റം തങ്ങളുടെ കയ്യിലല്ലെന്നും ജനപിന്തുണ നഷ്ടപ്പെട്ടവര്‍ അക്രമത്തിലേക്കു തിരിയുകയാണെന്നും കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത ബന്ദിനെ വിമര്‍ശിച്ച് ബിജെപി. ഇന്ധനവിലക്കയറ്റം തങ്ങളുടെ കയ്യിലല്ലെന്നും ജനപിന്തുണ നഷ്ടപ്പെട്ടവര്‍ അക്രമത്തിലേക്കു തിരിയുകയാണെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

ഇത് താല്‍ക്കാലികപ്രതിഭാസം മാത്രമാണെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

ഇന്ധന വില വര്‍ധനവ് എന്നത് നൈമിഷിക പ്രതിസന്ധിയല്ല. കേന്ദ്ര സര്‍ക്കാര്‍ നികുതി വെട്ടിക്കുറയ്ക്കും എന്നു കരുതാനും പാടില്ല. കേന്ദ്രം ഇതിനോടകം തന്നെ ഇന്ധനത്തിന്റെ രണ്ടു എക്‌സൈസ് ഡ്യൂട്ടി രണ്ടു രൂപ കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഈ കുറവുണ്ടായത്. ഡീസലിന്റെയും പെട്രോളിന്റെയും നികുതികള്‍ കുറയ്ക്കാന്‍ സംസ്ഥാനങ്ങളാണ് മുന്‍കൈയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പറയുന്നില്ല. ഇപ്പോഴത്തെ ഈ ബുദ്ധിമുട്ടിന്റെ പേരില്‍ പ്രതിഷേധത്തെ ഇന്ത്യയിലെ ജനങ്ങള്‍ പിന്തുണക്കുമെന്ന് ബിജെപി കരുതുന്നില്ലന്നും മന്ത്രി പറഞ്ഞു.

എന്തു കൊണ്ടാണ് രാജ്യത്തെ ജനങ്ങള്‍ ഭാരത ബന്ദിനോട് വ്യത്സതമായി പ്രതികരിക്കുന്നത്. ഇന്ധന വില വര്‍ധന താത്കാലികമാണെന്ന് ജനങ്ങള്‍ക്കറിയാം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണമുണ്ട്. എന്നാല്‍, ഈ വിഷയത്തിന്റെ മറവില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അക്രമം അഴിച്ചു വിടാനാണ് ശ്രമിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍, എന്താണ് സംഭവിച്ചത്. പെട്രോള്‍ പമ്പുകള്‍ക്കും ബസുകള്‍ക്കും തീവെച്ചു. ജനജീവിതം തന്നെ അപകടത്തിലാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

Top