ഹിജാബ് നിരോധനം; കര്‍ണാടക സര്‍ക്കാറിന്റെ നിലപാട് മാറ്റി; തല മറക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കി

ബെംഗളൂരു: സംസ്ഥാനത്ത് സര്‍ക്കാര്‍ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളില്‍ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് ഉത്തരവിറക്കി. ഹിജാബ് നിരോധനം എടുത്തുകളയുമെന്ന നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. നേരത്തെ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

നിയമം പ്രാബല്യത്തില്‍ നില്‍ക്കെ ഹിജാബ് മത്സര പരീക്ഷകളില്‍ അനുവദിച്ചാല്‍ അത് തിരിച്ചടിയാകുമോയെന്ന് സംശയം ഉയര്‍ന്നതിനാലാണ് നിലപാട് മാറ്റിയതെന്നാണ് കരുതുന്നത്. ഹിജാബ് എന്ന് പ്രത്യേകം പറയാതെ തലമറക്കുന്ന ഒരു വസ്ത്രവും അനുവദിക്കില്ലെന്നാണ് കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഫോണുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എന്നിവയും പാടില്ലെന്ന് ഉത്തരവിലുണ്ട്. സംസ്ഥാനത്ത് ഹിജാബ് നിരോധനം എടുത്തുകളയുമെന്നത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഹിജാബ് നിയമം കൊണ്ടുവന്നാണ് നിരോധിച്ചത്. ഈ നിയമം സര്‍ക്കാര്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഇത് സഭയില്‍ ബില്ല് അവതരിപ്പിച്ച് വേണം പിന്‍വലിക്കാന്‍. കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റിയുടേതാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലെ പിഎസ്സിക്ക് സമാനമായ സംവിധാനമാണ് കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി. സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായി മത്സര പരീക്ഷകള്‍ നടത്തുന്നത് ഇവരാണ്. ഈ പരീക്ഷകളിലാണ് ഹിജാബ് നേരത്തെ അനുവദിച്ചിരുന്നത്.

Top