ഹിജാബ് നിരോധനം; കര്‍ണാടക ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും

 

ബംഗളൂരു: ഹിജാബ് നിരോധനത്തിന് എതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മതാചാര വസ്ത്രങ്ങള്‍ ധരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. അന്തിമ വിധി വരുന്നത് ഹിജാബ് നിരോധനം തുടരണമെന്നും കോളേജുകള്‍ ഉടന്‍ തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ ഇന്ന് തുറക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിവിധയിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. മംഗളൂരു നഗരത്തിലും ഹൈസ്‌കൂള്‍ പരിസരങ്ങളുടെ 200 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറു മണി മുതല്‍ ശനിയാഴ്ച വൈകുന്നേരം ആറുമണി വരെയാണ് നിരോധനാജ്ഞ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കല്‍, റാലികള്‍ നടത്തല്‍, ആഹ്ലാദപ്രകടനങ്ങള്‍ എന്നിവയെല്ലാം നിരോധിച്ചു.

ഹിജാബ് – കാവി ഷാള്‍ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടി. അതേസമയം, ഹിജാബ് വിഷയത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദിന്റെ പ്രസ്താവന വന്‍ വിവാദമായിരിക്കുകയാണ്. ഹിജാബ് പെണ്‍കുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണെന്ന് സമീര്‍ അഹമ്മദ് പറഞ്ഞു.

ഹിജാബ് ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരായകും. ബലാത്സംഗങ്ങള്‍ തടയാന്‍ ഹിജാബ് അനിവാര്യമെന്നുമാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന. ഹുബ്ലിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

Top