ഹിജാബ് നിരോധനം; പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണ നല്‍കി ആണ്‍കുട്ടികളും

ബെംഗളുരു: ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിക്കുന്നു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ തീരദേശ പട്ടണമായ കുന്ദാപൂരിലെ ഭണ്ഡാര്‍ക്കേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡിഗ്രി കോളേജിന്റെ ഗേറ്റിന് മുന്നില്‍ ഹിജാബ് ധരിച്ച 40 ഓളം വിദ്യാര്‍ത്ഥിനികള്‍ എത്തിയെങ്കിലും അവരെ ഹിജാബ് ഒഴിവാക്കാതെ കോളേജില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് ജീവനക്കാരും വ്യക്തമാക്കി.

ഇതിനിടെ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി മുസ്ലീം ആണ്‍കുട്ടികളും രംഗത്തെത്തി. 40 മുസ്ലീം ആണ്‍കുട്ടികളും കോളേജിന് പുറത്ത് ഇരുന്ന് പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ചു. കോളേജിലെ നിയമങ്ങള്‍ അനുവദിക്കുമ്പോള്‍ അധികാരികള്‍ ഹിജാബ് നിരോധിച്ചത് എന്തുകൊണ്ടാണെന്ന് അറിയണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ഹിജാബിനെ പ്രതിരോധിക്കാന്‍ ഒരു വലിയ കൂട്ടം ആണ്‍കുട്ടികള്‍ ബുധനാഴ്ച കാവി ഷാള്‍ ധരിച്ച് കോളേജില്‍ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍, ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെടാന്‍ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിക്കുകയായിരുന്നു.

 

Top