‘ഹിഗ്വിറ്റ’ വിവാദം: വിലക്ക് തുടരുമെന്ന് ഫിലിം ചേംബർ, നിയമനടപടിയിലേക്കെന്ന് സംവിധായകൻ 

കൊച്ചി: ഹിഗ്വിറ്റ സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ ഹേമന്ദ് ജി നായർ. കൊച്ചിയിൽ ഫിലിം ചേബറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ഹേമന്ദ്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ചേംബറിന്റെ ആവശ്യം അം​ഗീകരിക്കാൻ സംവിധായകൻ തയ്യാറാകാത്തതിനാൽ വിലക്കുമായി മുന്നോട്ട് നീങ്ങുകയാണെെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. എൻ എസ് മാധവന്റെ അനുമതിയോടുകൂടി മാത്രമേ പേര് അനുവദിക്കൂവെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.

ഹിഗ്വിറ്റ എന്ന ചെറുകഥ മോഷ്ടിച്ചുവെന്നാരോപിച്ച് എൻ എസ് മാധവൻ ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. അതേസമയം സിനിമയും ചെറുകഥയുമായി യാതൊരുവിധ ബന്ധവും ഇല്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ചെറുകഥയും സിനിമയുടെ ഉപസംഹാരവും അണിയറ പ്രവർത്തകർ ചർച്ചക്കിടെ കൊണ്ടുവന്നിരുന്നു. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. എൻ എസ് മാധവന്റെ കഥയുമായി സിനിമക്ക് ബന്ധമില്ല. ചെറുകഥയും സിനിമയും തമ്മിൽ യാതൊരു ബന്ധവും ഇല്ല, സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. നിസഹായരാണെന്നാണ് ഫിലിം ചേംബർ പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കഥാ മോഷണം എന്ന രീതിയിലേക്കുള്ള ചർച്ചകൾ വേദനാജനകമാണെന്നും ഈ പേരുമായി മാത്രമേ മുന്നോട്ടുപോകൂ എന്നും ഹേമന്ദ് പറഞ്ഞു. ഇതിനായി നിയമപരമായി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു.

Top