മഞ്ഞുരുക്കം; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്കീ റിസോർട്ട് വിജനം

5400 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബൊളീവിയയിലെ ചാകൽറ്റയ മലനിരകളിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്കീ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. വർഷംതോറും ആയിരക്കണക്കിനാളുകൾ  സ്കീയിങ്ങ് നടത്തുന്നതിനായി ഇവിടം തേടിയെത്തിയിരുന്നു. എന്നാൽ  കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന ദുരന്തഭീഷണി എത്രത്തോളം വലുതാണെന്ന് വെളിവാക്കികൊണ്ട്  ഇന്ന് പ്രേതനഗരമായി മാറിയിരിക്കുകയാണ് ചാകൽറ്റയ. ശക്തമായ മഞ്ഞുരുക്കം മൂലം സന്ദർശകർക്ക്  സ്കീയിങ് നടത്താൻ പോയിട്ട് മഞ്ഞു കാണാൻപോലും കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

ചാകൽറ്റയ ഹിമാനിക്കു മുകളിലാണ് റിസോർട്ട് പണികഴിച്ചിരിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുടെ വടക്കൻ ബേസ് ക്യാമ്പിനേക്കാൾ ഉയരത്തിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഗിന്നസ് ഇടം നേടിയ ലോകത്തിലെ ഏറ്റവും ഉയരമുള്ള റസ്റ്റോറന്റ് എന്ന പദവിയും റിസോർട്ടിലെ റസ്റ്റോറന്റിന് സ്വന്തമാണ്.

എന്നാൽ 18,000 വർഷത്തിലധികം പഴക്കമുള്ള ഹിമാനി ഇനി ഒരു പതിറ്റാണ്ടിനിപ്പുറം നിലനിൽക്കില്ലെന്ന് 2005 ൽ നടത്തിയ പഠനത്തിൽ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇത്  എത്രത്തോളം യാഥാർഥ്യമാണെന്ന് പലരും സംശയിച്ചിരുന്നെങ്കിലും ആ സംശയങ്ങളെല്ലാം പിന്തള്ളിക്കൊണ്ട് 2009 ൽ തന്നെ ഗവേഷകരുടെ പ്രവചനം യാഥാർഥ്യമായി. താപനിലയിൽ ഉണ്ടായ വർധനവ് മൂലം വലിയ തോതിൽ മഞ്ഞ് ഉരുകിത്തുടങ്ങിയതോടെ സന്ദർശകരുടെ വരവ് ക്രമാതീതമായി കുറഞ്ഞു.

ഇന്നിപ്പോൾ സന്ദർശകർ എത്താത്തതിനെ തുടർന്ന് ചാകൽറ്റയ ആൾപാർപ്പില്ലാത്ത പ്രേതനഗരമായി മാറിയിരിക്കുകയാണ്. വർഷത്തിൽ ഏറിയപങ്കും  ഇതുതന്നെയാണ്  ഇവിടുത്തെ അവസ്ഥ. എന്നാൽ ശൈത്യകാലം അതിന്റെ പാരമ്യതയിൽ എത്തുന്നതോടെ മലമുകളിൽ മഞ്ഞ് ദൃശ്യമാകും. ഈ സമയങ്ങളിൽ  സ്കീയിങ്ങ് ഏറെ ഇഷ്ടപ്പെടുന്ന സഞ്ചാരികൾ ഇപ്പോഴും ഇവിടേക്കെത്താറുണ്ട്.

400 മീറ്റർ ദൂരത്തിലധികം സ്കീയിങ് നടത്താൻ പാകത്തിൽ മഞ്ഞു മൂടിയിരുന്ന മലനിരകളാണ് ഇപ്പോൾ  കല്ലുകൾ തെളിഞ്ഞു കാണുന്ന വരണ്ട പ്രദേശമായി മാറിയത്. പർവതാരോഹണവും സ്കീയിങ്ങും ഇഷ്ടപ്പെട്ട് ഇവിടെയെത്തിയിരുന്നവർ ഇന്ന് ചാകൽറ്റയെ സെമിത്തേരി എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഇത് ചാകൽറ്റയയുടെ മാത്രം അവസ്ഥയല്ല. എല്ലാ ഹിമാനികളിലും  മഞ്ഞുരുക്കം ശക്തമാണെന്നും  അവയുടെയെല്ലാം അവസാനം കുറിക്കപ്പെട്ടുകഴിഞ്ഞെന്നും ഗ്ലേഷ്യോളജിസ്റ്റായ എഡ്സൺ രാമിരസ്  പറയുന്നു.

ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാവുകയും താപനിലയിൽ കുറവുവരികയും ചെയ്താൽ മാത്രമേ ഹിമാനികൾ നിലനിൽക്കൂ. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഇത്തരം സ്ഥലങ്ങളിൽ ഇനി ഒരിക്കലും ഹിമാനികൾ കാണാനാവില്ലെന്നാണ് മനസ്സിലാക്കാനാവുന്നത്.

Top