കോന്തുരുത്തിപ്പുഴ കൈയ്യേറ്റം; ചീഫ് സെക്രട്ടറിക്ക് എല്ലാം അറിയാം, ഇനി അനുവദിക്കില്ല:കോടതി

കൊച്ചി: കോന്തുരുത്തിപ്പുഴ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ കൊച്ചി കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഹൈക്കോടതിയില്‍ വിളിച്ചുവരുത്തിയ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് നേരിട്ടാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് അതൃപ്തിയറിയിച്ചത്. സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട ചീഫ് സെക്രട്ടറിക്കും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു.

2012 മുതല്‍ കോന്തുരുത്തിപ്പുഴ കൈയ്യേറ്റത്തെക്കുറിച്ച് ചീഫ് സെക്രട്ടറിക്ക് അറിയാമെന്നും ഇനി ഒരു ദിവസം പോലും സമയം അനുവദിക്കില്ലെന്നും പറഞ്ഞ കോടതി കേസ് വിധി പറയാനായി മാറ്റി. പുഴ കൈയ്യേറ്റം അതീവ ഗൗരവമുള്ളതാണെന്നും ഒരു മീറ്റര്‍ പുഴപോലും കൈയ്യേറാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. പുഴ കൈയ്യേറി വീടു പണിതവര്‍ക്ക് പട്ടയവും വീട്ട് നമ്പറു അനുവദിച്ചതിലും കടുത്ത അതൃപ്തി അറിയിച്ചു.

കോന്തുരുത്തിപ്പുഴ കൈയ്യേറ്റം ഒഴുപ്പിക്കുന്നതിനും പുനരധിവാസത്തിനുമായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്കും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. റവന്യൂ അഡീഷണല്‍ സെക്രട്ടറി കൈയ്യേറ്റ ഭൂമിക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച നടപടികളുടെ രേഖകള്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇനിയും കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്. കോന്തുരുത്തിയിലെ കെ.ജെ ടോമി നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മുതിര്‍ന്ന അഭിഭാഷകന്‍ ബെച്ചു കുര്യന്‍ തോമസ്, റോണി ജോസ് എന്നിവരാണ് ഹരജിക്കാരനുവേണ്ടി ഹാജരായത്.

48 മീറ്റര്‍ വീതിയുണ്ടായിരുന്ന തേവര മുതല്‍ കോന്തുരുത്തിവരെയുള്ള കോന്തുരുത്തിപ്പുഴ 178 കുടുംബങ്ങള്‍ കൈയ്യേറിയതോടെ പുഴയുടെ വീതി പലയിടത്തും രണ്ടു മീറ്ററായി ചുരുങ്ങുകയായിരുന്നു. കൈയ്യേറ്റം ഒഴിപ്പിച്ച് പുഴ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ എത്രസമയം വേണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2017ല്‍ സര്‍ക്കാരിനോടും കോര്‍പ്പറേഷനോടും റിപ്പോര്‍ട്ട് തേടിയിട്ടും രണ്ടു വര്‍ഷമായിട്ടും ഒരു നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ സര്‍ക്കാരിനോടും കോര്‍പ്പറഷനോടും ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് ആവശ്യപ്പെട്ടത്.

എന്നാല്‍ ഹൈക്കോടതി ഉത്തരവില്‍ ഒരു നടപടിയും സ്വീകരിക്കാതെ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി കഴിഞ്ഞ ഡിസംബര്‍ 13ന് യോഗം ചേര്‍ന്ന്, എം.പിയുടെയും എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരുക, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക, എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട് തേടുക തുടങ്ങി ഒമ്പത് തീരുമാനങ്ങളെടുത്ത് സ്റ്റേറ്റ്മെന്റായി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു. മുന്‍പെടുത്ത നടപടികളോ അതിന്റെ ഫലങ്ങളോ സ്റ്റേറ്റ്മെന്റിലുണ്ടായിരുന്നില്ല.

കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 48 മീറ്റര്‍ വീതിയുണ്ടായിരുന്ന കോന്തുരുത്തിപ്പുഴ കൈയ്യേറ്റം കാരണം 29 മീറ്ററായി റവന്യൂ റിപ്പോര്‍ട്ട് പ്രകാരം പുനര്‍നിര്‍ണയിച്ചെന്ന് അറിയിച്ചിരുന്നു. 29 മീറ്ററായി പുനര്‍നിര്‍ണയിച്ച പുഴ ഇപ്പോള്‍ 16 മീറ്ററായതെങ്ങിനെയെന്ന് കോടതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ചോദിച്ചിരുന്നു. ഇതിലും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായിരുന്നില്ല.

കൈയ്യേറ്റം നടത്തിയ 178 കുടുംബങ്ങളില്‍ 165 പേര്‍ക്കും റവന്യൂ അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈവശ സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. അതിര്‍ത്തിയില്‍ കല്ലുപാകുന്നതിന് നാലു ലക്ഷം അനുവദിച്ചതല്ലാതെ കൈയ്യേറ്റം ഒഴിപ്പിച്ച് പുനരധിവാസത്തിന് 2012 മുതല്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ജില്ലാ കളക്ടര്‍ 2012ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 48 മീറ്റര്‍ വീതിയുണ്ടായിരുന്ന കോന്തരുത്തിപ്പുഴയിലൂടെ ബോട്ടുകളില്‍ ചരക്ക് നീക്കം നടത്തിയിരുന്നതായി വ്യക്തമാക്കിയിരുന്നു. നിലവില്‍ പുഴയുടെ വീതി കൈയ്യേറ്റത്തെ തുടര്‍ന്ന് രണ്ട് മീറ്ററായി ചുരുങ്ങിയതായും ചൂണ്ടികാട്ടിയിരുന്നു. പുഴക്ക് കുറുകെ റോഡും പണിതിരുന്നു. പുഴ കൈയ്യേറിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള കളക്ടറുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരും കോര്‍പ്പറേഷനും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. നഗരത്തിലൂടെ ഒഴുകുന്ന കോന്തുരത്തിപ്പുഴയും കനാലുകളും വ്യാപകമായി കൈയ്യേറിയതോടെയാണ് മഴയില്‍ കൊച്ചി നഗരം പ്രളയത്തില്‍ മുങ്ങിയത്. അന്ന് കോര്‍പ്പറേഷനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്.

Top