വിമാനത്തിലും കപ്പലിലും അതിവേഗ ഇന്റർനെറ്റുമായി ബി.എസ്.എൻ.എൽ !

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കമ്പനിയായ ഇന്‍മാര്‍സാറ്റിന്റെ സഹകരണത്തോടെ രാജ്യത്തെ വിമാനങ്ങളിലും കപ്പലുകളിലും അതിവേഗ ഇന്റര്‍നെറ്റ് നല്‍കാനുള്ള ലൈസന്‍സ് പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിന് നല്‍കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തീരുമാനിച്ചു. വിദൂര ഇന്റര്‍നെറ്റ് സംവിധാനമായ ഇന്‍മാര്‍സാറ്റിന്റെ ഗ്ലോബല്‍ എക്സ്പ്രസ് (ജി എക്‌സ്) സേവനമാണ് ബി.എസ്.എൻ.എൽ അവതരിപ്പിക്കുന്നത്.

സര്‍ക്കാര്‍,വ്യോമ-പ്രതിരോധ മേഖലകള്‍ക്ക് ഇത് ഗുണകരമാകും. ഘട്ടംഘട്ടമായാണ് പുതിയ സേവനം നടപ്പിലാക്കുന്നത്. സേവനങ്ങളുടെ താരിഫ് ഇതുവരെ തീരുമാനിച്ചിട്ടില്ലന്നും ആദ്യഘട്ടം നവംബറില്‍ ആരംഭിക്കുമെന്നും ബി.എസ്.എൻ.എൽ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി കെ പര്‍വാര്‍ പറഞ്ഞു.

സേവനം ആരംഭിക്കുന്നതോടെ ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ വിമാനങ്ങളിൽ അതിവേഗ ഇന്‍ഫ്‌ലൈറ്റ് കണക്റ്റിവിറ്റി നല്‍കാനും യാത്രക്കാര്‍ക്ക് ഇത് ഉപയോഗിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളുപയോഗിക്കാനും ഇമെയില്‍ പരിശോധിക്കാനും വോയിസ് കോള്‍ ചെയ്യാനും സാധിക്കുമെന്ന് ഇന്‍മാര്‍സാറ്റ് സി.ഇ.ഒ രാജീവ് സൂരി പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ ബോയിംഗ് 737 മാക്സ് വിമാനങ്ങളില്‍ ജി എക്സ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കായി 14 ഉപഗ്രഹങ്ങളാണ് ഇന്‍മര്‍സാറ്റിന് ഉള്ളത്. ഭൂമിയുടെ മൂന്നില്‍ ഒന്ന് ഭാഗത്തും ഇന്‍മര്‍സാറ്റിന് കവറേജ് ഉണ്ട്.

 

Top