ഇംഗ്ലണ്ടിനായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കി റൂട്ട്

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിലൂടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് റൂട്ട് സ്വന്തം പേരില്‍ കുറിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് റൂട്ട് ഈ റെക്കോഡ് സ്വന്തമാക്കിയത്. ഇതുവരെ ഇംഗ്ലണ്ടിന്റെ മുന്‍ നായകനായ മൈക്കിള്‍ വോണിന്റെ പേരിലാണ് ഈ റെക്കോഡ് ഉണ്ടായിരുന്നത്.

വോണ്‍ ഒരു കലണ്ടര്‍ വര്‍ഷം 1481 റണ്‍സാണ് നേടിയത്. 2002-ലാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ പുറത്താവാതെ 86 റണ്‍സ് നേടിയപ്പോള്‍ റൂട്ടിന്റെ അക്കൗണ്ടില്‍ 1541 റണ്‍സായി. 25 ഇന്നിങ്‌സുകളില്‍ നിന്ന് ആറ് സെഞ്ചുറികളുടെ അകമ്പടിയോടെ 67 ശരാശരിയിലാണ് റൂട്ട് ഇത്രയും റണ്‍സ് നേടിയത്.

ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോഡ് പാകിസ്താന്റെ മുഹമ്മദ് യൂസഫിന്റെ പേരിലാണ്. 2006-ല്‍ 19 ഇന്നിങ്‌സുകളില്‍ നിന്ന് 1788 റണ്‍സാണ് യൂസഫ് അടിച്ചെടുത്തത്. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരില്‍ 1710 റണ്‍സുണ്ട്.

Top