ഏറ്റവും ഉയര്‍ന്ന പ്രതിമാസ മൊത്ത വില്‍പ്പന; റെക്കോര്‍ഡ് തകര്‍ത്ത് ഇന്നോവ

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) 2023 സെപ്റ്റംബര്‍ മാസത്തില്‍ ആഭ്യന്തരമായി 22,168 യൂണിറ്റുകള്‍ വിറ്റതായി റിപ്പോര്‍ട്ട് ചെയ്തു. 2023 സെപ്റ്റംബര്‍ മാസത്തെ കയറ്റുമതി 1,422 യൂണിറ്റായിരുന്നു, മൊത്തം വില്‍പ്പന 23,590 യൂണിറ്റായി ഉയര്‍ന്നു. വാര്‍ഷിക വില്‍പ്പനയില്‍ 53 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. 2023 ഓഗസ്റ്റ് അവസാന മാസത്തില്‍, 22,901 യൂണിറ്റുകള്‍ ചില്ലറവില്‍പ്പനയിലൂടെ ടൊയോട്ട അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ മൊത്ത വില്‍പ്പന കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 35 ശതമാനം വര്‍ധനയോടെ 1,23,939 യൂണിറ്റുകള്‍ കമ്പനി വിറ്റു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 91,843 യൂണിറ്റുകളാണ് ടൊയോട്ട വിറ്റഴിച്ചത്. 2023 സെപ്റ്റംബറില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ വില്‍പ്പന 23,590 ആയത് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയ്ക്ക് അടിവരയിടുന്നതായി വില്‍പ്പന പ്രകടനത്തെക്കുറിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള ടച്ച് പോയിന്റുകളുടെ എണ്ണം 577 ല്‍ നിന്ന് 612 ആയി ഉയര്‍ന്നതിനാല്‍ 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ടൊയോട്ട അതിന്റെ വിപണിയിലെ പങ്കാളിത്തം വിപുലീകരിച്ചു. അടുത്തിടെ പുറത്തിറക്കിയ റുമിയന്റെ പിന്‍ബലത്തില്‍ ഈ ഉത്സവ സീസണില്‍ ഡിമാന്‍ഡ് ഇനിയും വര്‍ദ്ധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ബ്രാന്‍ഡിന്റെ ആഭ്യന്തര നിരയില്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് താഴെയാണ് റൂമിയോണ്‍ എംപിവിയുടെ സ്ഥാനം. ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, അര്‍ബന്‍ ക്രൂയിസര്‍ ഹൈ റൈഡര്‍, ഗ്ലാന്‍സ, റൂമിയോണ്‍, ഹിലക്‌സ്, ഫോര്‍ച്യൂണര്‍, കാംമ്രി, വെല്‍ഫെയര്‍ തുടങ്ങിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നു.

ടൊയോട്ട മൂന്ന്-വരി പ്രീമിയം എംപിവിയും വികസിപ്പിക്കുന്നുണ്ട്. 2026-ന്റെ തുടക്കത്തില്‍ കര്‍ണാടകയിലെ ബ്രാന്‍ഡിന്റെ മൂന്നാമത്തെ പ്ലാന്റില്‍ നിന്ന് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൊറോള ക്രോസിന്റെ വിപുലീകൃത വേരിയന്റായിരിക്കും. സുസുക്കിയുമായി സഹകരിച്ച് വികസിപ്പിച്ച ഒരു ഇലക്ട്രിക് എസ്.യു.വി 2025 ല്‍ പുറത്തിറക്കാനും സാധ്യതയുണ്ട്.

Top