ഹയർ സെക്കൻഡറി ചോദ്യപേപ്പർ സുരക്ഷാ ചുമതല: ഹൈസ്കൂൾ വിഭാഗത്തിലെ ക്ലര്‍ക്കുമാരെ ഒഴിവാക്കിയ ഉത്തരവിന് സ്റ്റേ

കൊച്ചി∙ ഹയർ സെക്കൻഡറി ചോദ്യപ്പേപ്പർ-ഉത്തരപ്പേപ്പര്‍ സുരക്ഷാ ചുമതലയിൽനിന്നു ഹൈസ്കൂൾ വിഭാഗത്തിലെ ക്ലര്‍ക്കുമാരെയും ക്ലാസ് 4 ജീവനക്കാര്‍ അടക്കമുള്ളവരെയും ഒഴിവാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലെ ലാബ് അസിസ്റ്റന്റുമാർക്കു മാത്രമായി ഈ ചുമതല പരിമിതപ്പെടുത്തിയത് സർക്കാർ ഈ വിഷയത്തെ ഗൗരവത്തോടെ കാണാതെയാണെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുസ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹയർ സെക്കൻഡറി ചോദ്യപ്പേപ്പർ – ഉത്തരപ്പേപ്പര്‍ സുരക്ഷാ ചുമതലയിൽ തങ്ങളെ ഉള്‍പ്പെടുത്തിയതിനെതിരെ ലാബ് അസിസ്റ്റന്റുമാർ ഹർജി നൽകിയിരുന്നു.

തുടർന്ന് ഇത് പുനഃപരിശോധിക്കാൻ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദേശം നല്‍കി. എന്നാൽ പുതിയ ഉത്തരവ് ഇറക്കിയപ്പോൾ ഹൈസ്കൂൾ വിഭാഗത്തിലെ ക്ലര്‍ക്കുമാരും ഓഫിസ് അസിസ്റ്റന്റുമാരും അടക്കമുള്ള മുഴുവൻ പേരേയും നൈറ്റ് വാച്ച്‍മാൻ ജോലികളിൽനിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് ലാബ് അസിസ്റ്റന്റുമാർ വീണ്ടും കോടതിയെ സമീപിച്ചു. എന്നാൽ സർക്കാരിന് ഇതിന് അധികാരമുണ്ടെന്നു ചുണ്ടിക്കാട്ടി സിംഗിള്‍ ബെഞ്ച് ഹർജി നിരാകരിച്ചു. ഇതിനെതിരെ ലാബ് അസിസ്റ്റന്റുമാർ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

‘‘ലാബ് അസിസ്റ്റന്റുമാരെ പരീക്ഷാ സംബന്ധമായ ഇത്തരം ജോലികളില്‍ നിയോഗിക്കുന്നതിനു നിയമപരമായി സർക്കാരിന് അധികാരമുണ്ട്. എന്നാൽ ശമ്പളം കൊടുക്കുന്നതു തങ്ങളാണ് എന്നതുകൊണ്ട് ഇത്തരം തീരുമാനമെടുക്കരുത്. ക്ലർക്കുമാര്‍, ഓഫിസ് അസിസ്റ്റന്റുമാർ തുടങ്ങിയ ജീവനക്കാരെ ഒഴിവാക്കിയതിനു പറഞ്ഞ കാരണം അവർക്ക് ജോലിഭാരം കൂടുതലുണ്ട് എന്നും ലാബ് അസിസ്റ്റന്റുമാർക്കു പരീക്ഷാ സമയങ്ങളില്‍ മറ്റ് ജോലികള്‍ ഇല്ല എന്നുമാണ്. ഇത് ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനിച്ചതെന്നു മനസ്സിലാകുന്നില്ല’’ – കോടതി പറഞ്ഞു. ജോലി ഭാരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഏതെങ്കിലും വിധത്തിൽ സർക്കാർ‍ പഠിച്ചിരുന്നോ എന്ന് ആരാഞ്ഞ കോടതി, ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയില്ലാതെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത് എന്നും അഭിപ്രായപ്പെട്ടു.

ഓരോ സ്കൂളിലെയും സാഹചര്യം മനസ്സിലാക്കി അവിടെ എത്രപേർ വേണം, സ്കൂളിലെ ലഭ്യമായ ജീവനക്കാർ തുടങ്ങിയവ കണക്കാക്കി ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു. ലാബ് അസിസ്റ്റന്റുമാരുടെ മാത്രം ജോലിഭാരമല്ല, ഹൈസ്കൂള്‍ വിഭാഗത്തിലെ ക്ലര്‍ക്കുമാർ, ഓഫിസ് അസിസ്റ്റന്റുമാർ തുടങ്ങിയ ജീവനക്കാരുടെയും ജോലി ഭാരം കണക്കാക്കി വേണം തീരുമാനമെടുക്കാൻ. ഇത്തരത്തിൽ പഠനം നടത്തി ഹൈസ്കൂൾ ജീവനക്കാർക്ക് ജോലിഭാരം കൂടുതലാണെങ്കില്‍ ലാബ് അസിസ്റ്റന്റുമാരെയും നിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.

Top