ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

എസ്എസ്എൽസി , ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 4 മുതൽ എസ്എസ്എൽസി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ 26 വരെയും നടക്കും.പരീക്ഷ നടത്തിപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 427105 വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും. ആകെ 2971 പരീക്ഷാ കേന്ദ്രങ്ങൾ ആണ്. 441213 വിദ്യാർത്ഥികൾ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷ എഴുതും.2016 പരീക്ഷ കേന്ദ്രങ്ങൾ ആണ്. എസ്. എസ്. എൽ. സി, റ്റി. എച്ച്. എസ്. എൽ. സി, എ. എച്ച്. എസ്. എൽ. സി പരീക്ഷകൾ മാർച്ച് 4 മുതൽ ആരംഭിയ്ക്കും.

കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആകെ ആൺകുട്ടികൾ 2,17,525,ആകെ പെൺകുട്ടികൾ 2,09,580 ആണ്.മലയാളം മീഡിയത്തിൽ പരീക്ഷ എഴുതുന്നത് 1,67,772,ഇംഗ്ലീഷ് മീഡിയത്തിൽ 2,56,135 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഗൾഫ് മേഖലയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ 536 ,ലക്ഷദ്വീപിൽ പരീക്ഷ എഴുതുന്നത് 285 വിദ്യാർത്ഥികളുമാണ്.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി പി.കെ.എം.എം.എച്ച്.എസ്. എടരിക്കോടാണ്. 2085 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങൾ മൂവാറ്റുപുഴ എൻ.എസ്.എസ്.എച്ച്.എസ്., തിരുവല്ല ഗവൺമെന്റ് എച്ച്.എസ്. കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്.എസ്., എടനാട് എൻ.എസ്.എസ്. എച്ച്.എസ്. എന്നീ സ്‌കൂളുകളാണ്. ഇവിടെ ഓരോ വിദ്യാർത്ഥി വീതമാണ് പരീക്ഷ എഴുതുന്നത്.

പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്കുള്ള ചീഫ് സൂപ്രണ്ട്/ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ നിയമനം നടത്തുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മേഖലാ യോഗങ്ങൾ പൂർത്തീകരിയ്ക്കുകയും ചെയ്തു. പരീക്ഷ നടത്തുന്നതിന് ആവശ്യമായ ഉത്തരക്കടലാസ്സ് വിതരണവും പൂർത്തീകരിച്ചിട്ടുണ്ട്.ട്രഷറി/ബാങ്ക് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ചോദ്യപേപ്പറിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

എസ്.എസ്.എൽ.സി ഐ.റ്റി പരീക്ഷ, മോഡൽ പരീക്ഷ എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ ചോദ്യപേപ്പർ സോർട്ടിംഗ് ഫെബ്രുവരി 29 ന് പൂർത്തീകരിച്ച് മുൻ നിശ്ചയിച്ചിട്ടുള്ള ട്രഷറികളിലേക്കും ബാങ്കുകളിലേക്കും എത്തിക്കും.ഓരോ പരീക്ഷാ കേന്ദ്രത്തിലും ആവശ്യമായ ഇൻവിജിലേറ്റർമാരുടെ നിയമനം ഇന്ന് പൂർത്തീകരിക്കും.

പരീക്ഷാ നടപടികൾ ക്രമപ്രകാരം നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് വകുപ്പ്തലത്തിൽ സംസ്ഥാന, ജില്ലാതല സ്‌ക്വാഡുകൾക്ക് രൂപം നൽകിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷസുഗമമായി നടത്തുന്നതിന് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും വകുപ്പിന്റെ വിവിധ തലങ്ങളിൽ ഉറപ്പു വരുത്തിയിട്ടുണ്ട്.

Top