സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്‌സിനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാം. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാന്‍.

അതോടൊപ്പം ഒക്ടോബര്‍ നാല് മുതല്‍ ടെക്‌നിക്കല്‍/പോളി ടെക്‌നിക്ക്/മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കും.

കൂടാതെ, സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിച്ചു. സംസ്ഥാനത്ത് ടി.പി.ആര്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആഗസ്റ്റില്‍ 18 ശതമാനത്തിന് മുകളിലുണ്ടായിരുന്ന ശരാശരി ടി.പി.ആര്‍ സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ കുറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Top