highcourt stayed-SI Vimod case

കൊച്ചി :മാധ്യമ പ്രവര്‍ത്തകരെ തടവിലാക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ കോഴിക്കോട് ടൗണ്‍ എസ്‌ഐ വിമോദിനെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.ജസ്റ്റിസ് കമാല്‍ പാഷയുടേതാണ് ഉത്തരവ്. വിമോദിനെതിരായ രണ്ട് കേസുകളാണ് സ്‌റ്റേ ചെയ്തത്.

കോഴിക്കോട് ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിന് പോയ മാധ്യമപ്രവര്‍ത്തകരെ ടൗണ്‍ എസ്.ഐ വിമോദ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ പൂട്ടിയിട്ട സംഭവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് വിമോദിനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിമോദ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

വിമോദിന് വേണ്ടി ഹൈക്കോടതിയിലെ 101 അഭിഭാഷകരാണ് വക്കാലത്തിട്ടത്. ഇത് അത്യപൂര്‍വ്വമായ നടപടിയാണ്.

ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട വിവാദമായ കപ്പല്‍ കേസില്‍ ശക്തമായ വാദം നടത്തി ശ്രദ്ധേയനായ മുതിര്‍ന്ന അഭിഭാഷകന്‍ വിജയഭാനു എസ്‌ഐക്ക് വേണ്ടി ശക്തമായ വാദങ്ങളാണ് നിരത്തിയത്. കോടതി കേസ് സ്റ്റേ ചെയ്തത് വിമോദിനെതിരായ വകുപ്പ്തല അന്വേഷണത്തെയും ബാധിക്കും. ഫലത്തില്‍ സര്‍വ്വീസില്‍ തിരിച്ച് കയറാനുള്ള സാഹചര്യമാണ് എസ്‌ഐ വിമോദിന് മുന്നില്‍ തുറക്കുന്നത്. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ പിന്തുണയും എസ്‌ഐക്ക് ഉണ്ടായിരുന്നു.

കോഴിക്കോട് ജില്ലാ കോടതിയില്‍ ഏഷ്യാനെറ്റിന്റെ ഒവി വാന്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എസ്‌ഐ വിമോദിനെ ഡിജിപി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Top