Highcourt ordered to give publicity clearance to Renjith’s new film ‘Leela’

കൊച്ചി: രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന ചിത്രത്തിന്റെ റിലീസ് തടയാനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് ഹൈക്കോടതി തടയിട്ടു. ചിത്രത്തിന് എത്രയും പെട്ടെന്ന് പബ്ലിസിറ്റി ക്ലിയറന്‍സ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം ചേംബറിനോട് നിര്‍ദേശിച്ചു. സിനിമ സെന്‍സര്‍ ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഫിലിം ചേംബര്‍ അസോസിയേഷന്‍ ഉടന്‍ വിട്ടു കൊടുക്കണം.

ലീല സിനിമയ്ക്കായി തയ്യാറാക്കിയ പോസ്റ്റുകള്‍ വിലക്കിയ നടപടി പിന്‍വലിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എസ്.എസ്.മുഹമ്മദ് മുഷ്താഖ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. സര്‍ട്ടിഫിക്കറ്റുകള്‍ ക്ലിയര്‍ ചെയ്തു നല്‍കാത്തതിനാല്‍ ചിത്രത്തത്തിന്റെ പോസ്റ്ററുകള്‍ തയ്യാറാക്കാനോ സെന്‍സര്‍ അനുമതി നേടാനോ സാധിക്കുന്നില്ലെന്ന് രഞ്ജിത്ത് കോടതിയെ ബോധിപ്പിച്ചിരുന്നു.

നിലവില്‍ സിനിമയുടെ പോസ്റ്റര്‍ പരിശോധിച്ച് അംഗീകാരം നല്‍കാനുള്ള അധികാരം കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിനാണ്. പോസ്റ്ററില്‍ അശ്ലീലമുണ്ടോയെന്ന് മാത്രമേ ഫിലിം ചേംബര്‍ പരിശോധിക്കേണ്ടതുള്ളൂവെന്നും സിനിമയുടെ പോസ്റ്ററും മറ്റ് പബ്ലിസിറ്റി മെറ്റീരിയലുകളും പരിശോധിക്കാനുള്ള അധികാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോ ചലച്ചിത്ര അക്കാദമിക്കോ കൈമാറണമെന്നും ഹര്‍ജിയില്‍ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു.

Top