‘വയനാട്ടിൽ മനുഷ്യർ പേടിച്ചു ജീവിക്കുന്നു’; സമഗ്രനയം കൊണ്ടുരണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി : വയനാട്ടിൽ മനുഷ്യർ പേടിച്ചു ജീവിക്കുകയാണെന്നും മനുഷ്യനും വന്യമൃഗങ്ങളുമുള്‍പ്പെട്ട വിഷയത്തില്‍ സമഗ്രനയം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാരിന് ആലോചിച്ചുകൂടെയെന്നും ഹൈക്കോടതി. കാട്ടാന ആക്രമണത്തിൽ മനുഷ്യര്‍ കൊല്ലപ്പെടുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്നു വ്യക്തമാക്കിയത്. കാട്ടുപന്നികളുടെ ആക്രമണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു നിലവിലെ മറ്റു പ്രശ്നങ്ങളിലേക്കു കൂടി കോടതി കടന്നത്. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ പരിഹാരം അസാധ്യമാകുമെന്നും കോടതി പറഞ്ഞു. കേസ് വീണ്ടും മാർച്ച് 12നു പരിഗണിക്കും.

‘‘സർക്കാർ ഇക്കാര്യത്തിൽ സമഗ്രമായ ഒരു നയം കൊണ്ടുവരണം. വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിദഗ്ധരുണ്ട്. വയനാട് പോലെയുള്ള സ്ഥലങ്ങളില്‍ വലിയ പ്രശ്നമുണ്ട്. ജനങ്ങൾ പേടിച്ചിരിക്കുന്നു. ബുദ്ധിമുട്ട് മനസ്സിലാകണമെങ്കിൽ അവിടെ താമസിക്കണം. വെടിവച്ചു കൊല്ലണം, വേണ്ട എന്നൊക്കെ എസി മുറിയിലിരുന്ന് ടെലിവിഷനും കണ്ടുകൊണ്ട് പറയാൻ എളുപ്പമാണ്. പക്ഷേ ജനങ്ങളുടെ അവസ്ഥ എന്താണ്? എത്ര മനുഷ്യരാണ് അവിടെ പേടിച്ച് ജീവിക്കുന്നത്. കേരളത്തിന് ഇത് നല്ലതാണോ? സംസ്ഥാനത്തെക്കുറിച്ചു നാം പുറംലോകത്തിനു നൽകേണ്ട ചിത്രം ഇതാണോ? ഇത് ടൂറിസം മേഖലയെയും ബാധിക്കും. വയനാട് പ്രധാന ടൂറിസ കേന്ദ്രമാണ്. ഇപ്പോൾ തന്നെ ഈ പ്രശ്നങ്ങൾ ചർച്ചയായിക്കഴിഞ്ഞു’’– കോടതി വ്യക്തമാക്കി.

നേരത്തേ കാട്ടുപന്നികളായിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ മറ്റു വന്യമൃഗങ്ങളുമുണ്ടെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ‘‘മനുഷ്യരുടെ താമസ സ്ഥലങ്ങൾ എങ്ങനെ സംരക്ഷിക്കും എന്ന് ആലോചിക്കേണ്ടതുണ്ട്. നമുക്ക് വനംവകുപ്പുണ്ട്, നയമുണ്ട്, പക്ഷേ, നിയമം പറയുന്നത് ഇങ്ങനെയാണ്, അതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്നു പറയാൻ പറ്റുമോ? മൃഗങ്ങളെ മുഴുവൻ കൂട്ടത്തോടെ കൊന്നൊടുക്കരുതെന്നു നിയമം പറയുന്നുണ്ട്. മനുഷ്യവാസമുള്ളിടത്തു വരുന്ന മുഴുവൻ മൃഗങ്ങളെയും കൊല്ലണമെന്നു പറയാൻ കഴിയുമോ? അത് അധാർമികവുമാണ്. തീർച്ചയായിട്ടും എല്ലായ്‍പ്പോഴും പ്രാമുഖ്യം കൊടുക്കേണ്ടതു മനുഷ്യരുടെ ജീവനു തന്നെയാണ്. പക്ഷേ, അതിനർഥം മൃഗങ്ങളെ മുഴുവൻ കൊന്നാടുക്കണം എന്നല്ല. അതല്ല പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം. നമ്മൾ ഈ വിഷയത്തെ എങ്ങനെയാണു നേരിടുന്നത് എന്നതാണ് പ്രധാനം. അത് ഇപ്പോള്‍ ചെയ്തില്ലെങ്കിൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ എന്തെങ്കിലും ചെയ്യുക അസാധ്യമാവും’’– കോടതി പറഞ്ഞു.

മനുഷ്യരും വന്യമൃഗങ്ങളുമായുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ‍ ഇതിനെ നേരിടാനുള്ള സമഗ്രമായ ഒരു നയം നിലവിലില്ലെന്നു സർക്കാർ വാദങ്ങളടക്കം ചൂണ്ടിക്കാട്ടിക്കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മനുഷ്യരും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലല്ല ചിലരെ ഹോണററി വൈൽഡ്‍ലൈഫ് വാർഡനായി നിയമിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. നാട്ടിലിറങ്ങി കൃഷിയും സ്വത്തും നശിപ്പിക്കുന്ന കാട്ടുപന്നികളെ നേരിടാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപന്നികളുടെ കാര്യത്തിൽ മാത്രമല്ല, മനുഷ്യരുടെ വാസസ്ഥലങ്ങളും മൃഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനു സമഗ്രമായ നയം കൊണ്ടുവരാൻ സർക്കാർ ആലോചിക്കണമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ അമിക്കസ് ക്യൂറിയായി അഡ്വ. ജോർജി ജോണിയെ കോടതി നിയമിച്ചു.

നാട്ടിലിറങ്ങി കൃഷിയും മറ്റും നശിപ്പിക്കുന്ന കാട്ടുപന്നികളെ നേരിടാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സൻ, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി നിയമിക്കാവുന്നതാണെന്ന് സർക്കാർ 2022ൽ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യമാണ് വാദത്തിനിടെ കോടതി പരാമർശിച്ചത്.

Top