അതിവേഗ ട്രെയിന്‍; മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: അതിവേഗ ട്രെയിന്‍ സംബന്ധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. നിലവിലെ ഡിപിആര്‍ മാറ്റണമെന്നാണ് നിര്‍ദേശം. ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണം. പിന്നീട് മതി ഹൈ സ്പീഡ് ട്രെയിന്‍ എന്നാണ് ഇ ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.

 

കെ റെയില്‍ വീണ്ടും ട്രാക്കിലാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടിരുന്നു. പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്.

 

കെ റെയില്‍ നിലവിലെ രീതിയില്‍ പ്രായോഗികമല്ലെങ്കിലും മാറ്റങ്ങളോടെ നടപ്പിലാക്കാം എന്നാണ് ഇ ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട്. ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകള്‍ കേരളത്തിന് ആവശ്യമാണ്. അണ്ടര്‍ ഗ്രൗണ്ട്, എലവേറ്റര്‍ രീതിയില്‍ പദ്ധതി നടപ്പിലാക്കാമെന്ന് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇങ്ങനെ വരുമ്പോള്‍ ചെലവും സ്ഥലം ഏറ്റെടുക്കല്‍ കുറയുമെന്നും ശ്രീധരന്‍ പറയുന്നു.

Top