ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും; മന്ത്രി വീണാ ജോര്‍ജ്ജ്

കോഴിക്കോട്: രോഗികളുമായി ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിപയെന്ന് സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈ റിസ്‌ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

നിപ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. രണ്ട് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായി. ഇന്നലെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞത്. കളക്ടറേറ്റില്‍ അല്‍പ സമയത്തിനകം യോഗം ചേരും. നിപ സ്ഥിരീകരിക്കാനുന്നത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ സംശയത്തില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീല്‍ഡ് സര്‍വ്വെ തുടങ്ങിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

Top