ഇന്ത്യ – ചൈന സംഘര്‍ഷം: പ്രതിരോധ മന്ത്രി ഉന്നതതല യോഗം വിളിച്ചു

ഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. യോഗത്തിൽ സംയുക്ത സേനാ മേധാവിയും മൂന്ന് സേന മേധാവികളും വിദേശകാര്യമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുക്കുന്നു. പ്രതിരോധമന്ത്രിയുടെ വീട്ടിലാണ് യോഗം. യോഗശേഷം സാഹചര്യം പ്രതിരോധമന്ത്രി പാർലമെന്റിനെ അറിയിച്ചേക്കും. പതിപക്ഷം പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ടിരിക്കെയാണ് പ്രതിരോധമന്ത്രി അടിയന്തരയോഗം വിളിച്ചത്.

ഡിസംബർ 9ന് അരുണാചൽ അതിർത്തിയിൽ നടന്ന ഇന്ത്യ- ചൈന സംഘർഷത്തെ കുറിച്ചുള്ള പശ്ചാത്തലത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് എംപി മനീഷ് തിവാരി ലോക്‌സഭയിലും, നാസിർ ഹുസൈൻ, ശക്തി സിങ് ഗോഹിൽ എന്നിവർ രാജ്യസഭയിലും നോട്ടീസ് നൽകി. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

അതിർത്തിയിലെ സംഘർഷത്തിൽ ഇരുഭാഗത്തേയും സൈനികർക്ക് പരിക്കേറ്റിരുന്നു. ഇരുപക്ഷവും പ്രദേശത്ത് നിന്ന് ഉടൻ പിന്മാറിയെന്നുമാണ് റിപ്പോർട്ടുകൾയ ഇതിന് പിന്നാലെ, ഇന്ത്യൻ-ചൈനീസ് കമാൻഡർമാർ തമ്മിൽ ഫ്‌ലാഗ് മീറ്റ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, എത്ര സൈനികർക്ക് പരിക്കേറ്റു എന്നതിൽ വ്യക്തത വന്നിട്ടില്ല.

നേരത്തെയും ഈ മേഖലയിൽ സംഘർഷമുണ്ടായിരുന്നു. 2021ൽ തവാങ് മേഖലയിലെ യാങ്‌സേയിൽ കടന്നു കയറാനുള്ള ചൈനീസ് സേനയുടെ ശ്രമത്തെ ഇന്ത്യ ചെറുത്തിരുന്നു.

2020ൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ഇന്ത്യചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖ ലംഘിച്ചു കടന്നു കയറാനുള്ള പിഎൽഎയുടെ ശ്രമത്തെ ഇന്ത്യൻ സൈനികർ ചെറുക്കുകയായിരുന്നു.

Top