High food prices increase Wholesale Price index

ന്യൂഡല്‍ഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു. മൊത്തവില സൂചിക മെയ് മാസം 0.79 ശതമാനം കൂടി 19 മാസത്തെ ഉയര്‍ച്ചയിലാണ്. 0.34 ശതമാനമായിരുന്നു ഏപ്രില്‍ മാസം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് മൊത്തവില സൂചിക ഉയരാന്‍ കാരണം. അതില്‍ തന്നെ പച്ചക്കറി വിലയാണ് കുതിച്ചുകയറിയത്.

പച്ചക്കറികള്‍ക്കൊപ്പം പരിപ്പ്, മാംസം, മുട്ട, മീന്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കും വില കൂടിയതായും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. പച്ചക്കറികള്‍ക്ക് 12.94 ശതമാനമാണ് വിലക്കയറ്റം. തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ മാസം പച്ചക്കറി വിലക്കയറ്റം 2.12 ശതമാനമായിരുന്നു. ഉരുളക്കിഴങ്ങ് മൊത്ത വില മെയ് മാസത്തില്‍ 35.45 ശതമാനം ഉയര്‍ന്നു.

പയര്‍ പരിപ്പ് എന്നിവക്ക് 35.56 ശതമാനവും വില ഉയര്‍ന്നു. മൊത്തവില സൂചിക 2014 ഒക്ടോബറിനു ശേഷമുള്ള ഉയര്‍ന്ന നിലയിലാണ് മെയ് മാസത്തില്‍. മാത്രമല്ല തുടര്‍ച്ചയായി രണ്ടാം മാസവും ഉയര്‍ന്നു തന്നെയാണ്. ഇതോടൊപ്പം രാജ്യത്തെ വ്യാവസായിക ഉല്പാദനം ഏപ്രിലില്‍ 0.8 ശതമാനം കുറഞ്ഞിട്ടുമുണ്ട്. രാജ്യം നേരിട്ട വരള്‍ച്ചയുടെ ഫലം കൂടിയാണ് ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ വിലക്കയറ്റം.

ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ ഭേദപ്പെട്ട മണ്‍സൂണ്‍ കിട്ടിയാല്‍ വിലക്കയറ്റം നിയന്ത്രണ വിധേയമാകുമെന്നാണ് കണക്കുകൂട്ടല്‍. ഉപഭോക്തൃ വിലസൂചിക മെയ് മാസത്തില്‍ 5.76 ശതമാനമായി ഉയര്‍ന്നിരുന്നു.

Top