കെഎസ്ആർടിസിയിൽ വീണ്ടും കൂട്ട പിരിച്ചു വിടൽ;എംപാനല്‍ ഡ്രൈവർമാർക്ക് തിരിച്ചടി

ksrtc

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ വീണ്ടും കൂട്ടത്തോടെ പിരിച്ചു വിടുന്നു. താത്ക്കാലിക ഡ്രൈവര്‍മാരെയും പിരിച്ചു വിടണമെന്നാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

നിര്‍ദേശമനുസരിച്ച് 1565 എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടേണ്ടി വരും. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം 30-നുള്ളില്‍ പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

2455 വേക്കന്‍സികളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണമെന്നും നിയമനത്തിനുള്ള അഡൈ്വസ് മെമ്മോ എത്രയും പെട്ടെന്ന് നല്‍കണമെന്നും ഈ മാസം 30-നകം ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേര്‍ത്ത് തല്‍സ്ഥിതിവിവരറിപ്പോര്‍ട്ട് നല്‍കണമെന്നും തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

അതേസമയം, വീണ്ടും കെഎസ്ആര്‍ടിസി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് കെഎസ്ആര്‍ടിസിയുടെ സര്‍വീസുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. നേരത്തേ എംപാനല്‍ കണ്ടക്ടര്‍മാരെയും കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് സര്‍വീസുകള്‍ നാലിലൊന്നായി വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു.

Top