മദ്യപാന ആസക്തിയുള്ളവര്‍ക്ക് മരുന്നായി മദ്യം; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മദ്യപാന ആസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജിയില്‍ മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.

മദ്യാസക്തിയുള്ളവര്‍ക്ക് മരുന്നായി മദ്യം നല്‍കിയാല്‍ എങ്ങനെ ആസക്തി കുറയുമെന്ന് ചോദിച്ച കോടതി ഡോക്ടര്‍മാരാണ് രോഗികള്‍ക്ക് എന്ത് ചികിത്സയാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.

ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാള്‍ക്ക് ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം ലഭ്യമാക്കാമെന്നായിരുന്ന സര്‍ക്കാരിന്റെ ഉത്തരവ്. ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവുകൊണ്ട് എന്താണ് പ്രയോജനമുള്ളതെന്നും കോടതി ചോദിച്ചു.

സര്‍ക്കാര്‍ ഉത്തരവ് യുക്തിരഹിതമാണ്, ഡോക്ടര്‍മാരെ അവഹേളിക്കുന്നതിന് തുല്യമാണ് ഉത്തരവ്, മദ്യാസക്തി ഉള്ളവര്‍ക്ക് ചികിത്സലഭ്യമാക്കുകയാണ് വേണ്ടത്, മദ്യം എത്തിച്ചു നല്‍കുക എന്നതല്ല അതിനുള്ള പരിഹാരം തുടങ്ങിയ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.

ലോക്ഡൗണില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആറു പേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ മദ്യവിതരണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.ഡോക്ടര്‍മാര്‍ മദ്യാസക്തിയുള്ളവരെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ ഇന്നു മുതല്‍ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

Top