ന​ടി​യെ ആ​ക്ര​മി​ച്ച കേസിലെ വി​ചാ​ര​ണ പു​രോ​ഗ​തി അ​റി​യി​ക്കാ​ന്‍ നി​ര്‍​ദേ​ശം

pulsar suni

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടിയുടെ പുരോഗതി അറിയിക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. കേസിലെ ആറാം പ്രതി പ്രദീപ് നല്‍കിയ ജാമ്യാപേക്ഷയിലാണ് എറണാകുളം സിബിഐ കോടതിയോട് പുരോഗതി അറിയിക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്.

മുഖ്യപ്രതി ദിലീപ് ജാമ്യം ലഭിച്ചു പുറത്താണെന്നും കേസില്‍ പ്രതികളായ മറ്റു സാധാരണക്കാര്‍ ജയിലിലാണെന്നും പ്രദീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ദിലീപിനെപ്പോലെ സ്വാധീനമുള്ള വ്യക്തി പുറത്തുനില്‍ക്കുമ്പോള്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുന്നില്ലെങ്കില്‍ സാധാരണക്കാരായ മറ്റു പ്രതികള്‍ക്കു ജാമ്യം നല്‍കുന്നതില്‍ അപാകതയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ മറ്റൊരു സിംഗിള്‍ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണു വിചാരണയുടെ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. പ്രദീപിന്റെ ജാമ്യാപേക്ഷ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റി വച്ചിരുന്നു. ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഏപ്രില്‍ എട്ടിലേക്ക് മാറ്റിയതായി അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ പൊലീസ് തന്നെ പ്രതിയാക്കിയതെന്നും അതിനാല്‍ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

Top