പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധി അന്തിമമല്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 

തിരുവനന്തപുരം: പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതിയെ സമീപിക്കാന്‍ പരാതിക്കാരന് അവകാശമുണ്ട് . മന്ത്രിമാരുടെ വിമര്‍ശനങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചെന്നൈയില്‍ പറഞ്ഞു .പ്രിയ വര്‍ഗ്ഗീസിന് അനുകൂലമായ കോടതി വിധിയെ ബഹുമാനിക്കുന്നു എന്ന് അദ്ദേഹം ഇന്നലെ തിരുവനന്തപുരംത്ത് പ്രതികരിച്ചിരുന്നു.

വിധിയില്‍ വിശദീകരണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യറിയെ ബഹുമാനിക്കുന്ന ആളാണെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ തുടര്‍ ചോദ്യങ്ങളോടും ക്ഷുഭിതനായാണ് ഇന്നലെ പ്രതികരിച്ചത്. കോടതി വിധിയില്‍ സന്തുഷ്ചനാണോ അല്ലയോ എന്ന കാര്യത്തിന് ഒരു പ്രസക്തിയും ഇല്ലെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തില്‍ ഡോ. പ്രിയാ വര്‍ഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്നലെയാണ് ഉത്തരവിട്ടത്. പ്രിയക്ക് നിയമനം നല്‍കിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.

യോഗ്യതയായി എട്ട് വര്‍ഷം അധ്യാപനം പരിചയം വേണമെന്നിരിക്കെ തന്റെ ഗവേഷണകാലവും, നാഷണല്‍ സര്‍വീസ് സ്‌കീമിലെ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റെസ് സര്‍വീസിലെ പ്രവര്‍ത്തനകാലവും അധ്യാപന പരിചയമായി പ്രിയ ഉള്‍പ്പെടുത്തിയതാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് 2022ല്‍ തള്ളിയത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രിയാ വര്‍ഗീസ് നല്‍കിയ ഹര്‍ജീയിലാണ് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നും അനുകൂല ഉത്തരവ് വന്നത്..

 

Top