മൃതദേഹം മുൻ നിർത്തി യാക്കോബായ പള്ളി പിടിക്കാനുള്ള നീക്കം പാളി, കോടതി വിധി ഓർത്തഡോക്സ് വിഭാഗത്തിന് തിരിച്ചടി

കൊച്ചി: കാലാമ്പൂർ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക അംഗമായ അന്നമ്മ ബേബിയുടെ സംസ്കാരം, ഓർത്തഡോക്സ് സഭയിലെ വൈദികന്റെ നേതൃത്വത്തിൽ നടത്തണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്, യാക്കോബായ വിഭാഗത്തിന് വൻ നേട്ടമായി.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് ശ്രീകുമാറിനെ രംഗത്തിറക്കിയിട്ടു പോലും, ഓർത്തഡോക്സ് വിഭാഗക്കാരുടെ വാദം കോടതിയിൽ വിലപ്പോയിരുന്നില്ല. അതേസമയം അനുകൂലമായ വിധി യാക്കോബായ വിഭാഗത്തെ സംബന്ധിച്ച് വലിയ ഊർജമാണ് നൽകിയിരിക്കുന്നത്.

ഓർത്തഡോക്സ് സഭയിലെ പുരോഹിതന്റെ നേതൃത്വത്തിൽ മാതാവിന്റെ സംസ്കാരം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്, മകൻ പ്രസാദ് എം. ബേബിയാണ് , ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി അഭിഭാഷകനായ ഏലിയാസ് എം ചെറിയാനായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ. യാക്കോബായ സഭ നേതൃത്വവും ഈ കേസ് കൃത്യമായി മോണിറ്റർ ചെയ്തിരുന്നു.

സംസ്കാരം നടത്തി കൊടുക്കാമെന്നു ഇടവക വികാരിയും ഭരണസമിതിയും അറിയിച്ചിട്ടും, കോടതിയെ സമീപിക്കാനായി അഞ്ചുദിവസമായി മൃതദേഹം ശീതീകരണിയിൽ സൂക്ഷിക്കുകയാണുണ്ടായത്. ഈ നടപടിയെ വാക്കാൽ വിമർശിച്ച ഹൈക്കോടതി, മാതാവിന്റെ മരണം ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനു കാരണമാകരുതെന്നു വ്യക്തമാക്കി കൂടിയാണ് ഹർജി തീർപ്പാക്കിയിരിക്കുന്നത്.

ഹർജിക്കാരനു എതിർപ്പില്ലെങ്കിൽ, മരണാനന്തര ശുശ്രൂഷകൾ യാക്കോബായ വൈദികരുടെ നേതൃത്വത്തിൽ പള്ളിയിൽ നടത്താമെന്നും, അല്ലാത്തപക്ഷം മകന്റെ വിശ്വാസത്തിലുള്ള ശുശ്രൂഷകൾ, ഭവനത്തിൽ പൂർത്തികരിക്കുകയും തുടർന്നു മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാമെന്നും, ജസ്റ്റീസ് രാജാ വിജയരാഘവൻ നിർദ്ദേശിച്ചു. ഈ പള്ളി വർഷങ്ങളായി യാക്കോബായ സുറിയാനി സഭയുടെ പള്ളിയാണെന്നും, മരിച്ചയാൾ യാക്കോബായ സഭയുടെ വിശ്വാസത്തിൽ ജീവിച്ചു വന്ന വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടിയ യാക്കോബായ വിഭാഗത്തിന്റെ അഭിഭാഷകൻ, മകൻ അമ്മയുടെ മൃതദേഹം മറയാക്കി പള്ളിയിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും തുറന്നടിക്കുകയുണ്ടായി.

ഹർജിക്കാരന്റെ ഭവനകൂദാശയും വിവാഹവും മകളുടെ മാമോദീസയും യാക്കോബായ വൈദികന്റെ കാർമ്മികത്വത്തിലാണു നടന്നിരുന്നത്. അടുത്തിടെ ഓർത്തഡോക്സ് സഭയിൽ ചേർന്ന ഹർജിക്കാരൻ, മാതാവിന്റെ സംസ്കാരം മറയാക്കി പള്ളിയിൽ സംഘർഷമുണ്ടാക്കി പള്ളി മറുപക്ഷത്തിനു അവകാശമുണ്ടാക്കി കൊടുക്കാനാണ് തന്ത്രപൂർവ്വം ശ്രമിച്ചിരുന്നത്. ഇതാണ് കോടതി ഇടപെടലോടെ ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.

145 കുടുംബങ്ങൾ വർഷങ്ങളായി സമാധാനപരമായി ആരാധന നടത്തിവന്നിരുന്ന പള്ളിയിൽ, ഒരു വ്യക്തി മാത്രമാണു മറുവിഭാഗത്തിൽ ചേർന്നതെന്നു തെളിയിക്കാൻ യാക്കോബായ വിഭാഗത്തിനു കഴിഞ്ഞിട്ടുണ്ട്. പള്ളിയുടെ കേസ് മുവാറ്റുപുഴ മുൻസിഫ് കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണു ഹൈക്കോടതിയെ സമീപിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. പള്ളിയ്ക്കെതിരേ കോടതി വിധികളൊന്നും നിലവിലില്ലെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ഇത്തരം തരംതാണ നിലപാടുമായി ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ടവർ നീങ്ങിയാൽ , നിയമപരമായി നേരിടാൻ തന്നെയാണ് അവരുടെ തീരുമാനം.

Top