പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പൊലീസിന് കര്‍ശന പരിശീലനം നല്‍കണം;ഹൈക്കോടതി

കൊച്ചി : പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് പൊലീസിന് കര്‍ശന പരിശീലനം നല്‍കണമെന്ന് ഹൈക്കോടതി. ആലത്തൂരിലെ അഭിഭാഷകനും പൊലീസും തമ്മില്‍ സ്റ്റേഷനുളളില്‍ വെച്ച് നടന്ന തര്‍ക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി പൊലീസിനെതിരെ വടിയെടുത്തത്.

കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേസില്‍ പൊലീസ് മേധാവി ഓണ്‍ലൈനായി ഹാജരായി. പൊലീസ് ഓഫീസറുടെ നടപടി ശരിയെന്ന് തോന്നുന്നുണ്ടോയെന്ന് ഡിജിപിയോട് കോടതി ചോദിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ഡി.ജി.പി മറുപടി നല്‍കി. ആരോപണവിധേയനായ എസ്.ഐയെ സ്ഥലം മാറ്റിയെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് മേധാവി കോടതിയെ അറിയിച്ചു.

വകുപ്പ്തല അന്വേഷണം ആരംഭിച്ചു. കുറ്റക്കാരന്‍ എങ്കില്‍ നടപടി ഉണ്ടാകുമെന്നും പൊലീസ് മേധാവി കോടതിയില്‍ ഉറപ്പു നല്‍കി. ഇതോടെ എസ് ഐ റിനീഷിനെതിരെ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിക്ക് കോടതി നിര്‍ദേശം നല്‍കി. എസ്.ഐ റിനീഷിനെതിരെ സമാനമായ പരാതികള്‍ ഉണ്ടെന്നും റിനീഷിനെതിരെ സ്ഥലം മാറ്റ നടപടി നേരെത്തെയും ഉണ്ടായിട്ടുണ്ടെന്നും അഭിഭാഷകനും കോടതിയെ അറിയിച്ചു.

പൊലീസിന് വിമര്‍ശിച്ച കോടതി, ആരെയും ചെറുതായി കാണരുതെന്നും പെരുമാറ്റത്തില്‍ പൊലീസിന് കര്‍ശന പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. മോശം പെരുമാറ്റം നേരിട്ടത് ഒരു അഭിഭാഷകനായത് കൊണ്ട് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞു.സാധാരണക്കാര്‍ ആണെങ്കില്‍ എങ്ങനെയായി രിക്കും പെരുമാറ്റം. ഇത്തരം പെരുമാറ്റം യാതൊരു തരത്തിലും അനുവദിക്കില്ല. പെരുമാറ്റം സംബന്ധിച്ച് കര്‍ശന പരിശീലനം പൊലീസിന് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Top