പമ്പയില്‍ പിതൃതര്‍പ്പണം പുരോഹിത നിയമനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ പട്ടിക സ്റ്റേ ചെയ്ത് ഹൈക്കോടതി

പത്തനംതിട്ട: ശബരിമല മണ്ഡലംമകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പമ്പയില്‍ പിതൃതര്‍പ്പണം നടത്താന്‍ പുരോഹിതന്മാരെ നിയമിച്ചുകൊണ്ടുള്ള
ദേവസ്വം ബോര്‍ഡിന്റെ പട്ടിക സ്റ്റേ ചെയ്ത് ഹൈക്കോടതി. ലേല നടപടികളിലും നിയമനത്തിലും ഒത്തുകളി നടന്നുവെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി.

പട്ടികയിലുള്ളവര്‍ പ്രത്യേക ദൂതന്‍ വഴി നോട്ടീസ് അയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഈ പട്ടികയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് തടഞ്ഞത്. പട്ടികയിലുളളവരും പങ്കെടുത്തവരും ഒരേ തുക തന്നെയാണ് ക്വാട്ട് ചയ്തിട്ടുള്ളതെന്നും ഹൈക്കോടതി വിലയിരുത്തി. ലേലത്തില്‍ പങ്കെടുത്തവര്‍ തമ്മില്‍ ഒത്തുകളി നടന്നതായി പ്രഥമദൃഷ്ട്യാ വെളിപ്പെടുന്നുവെന്നും നിരീക്ഷിച്ചു. ലേല തുക മന:പൂര്‍വം കുറയ്ക്കാന്‍ നീക്കം നടന്നു. കേസിനിടയില്‍ ദേവസ്വം ബോര്‍ഡ മുന്‍ നിലപാട് തിരുത്തി. ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു ബോര്‍ഡിന്റെ ആദ്യനിലപാട്.

എന്നാല്‍ ലേലത്തില്‍ ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചുചേര്‍ന്ന് കാര്‍ട്ടലായി പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. പട്ടികയിലുള്ള 19 പേരും ഒരേ തുകയാണ് ക്വാട്ട് ചെയ്തിരിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് അയക്കും.ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയ എസ്.എച്ച്.ഒമാര്‍ വഴിയും ഇവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

Top