പമ്പയിലെ മണല്‍ക്കടത്ത്; വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ

കൊച്ചി: പമ്പയിലെ മണല്‍ക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വലിയ ആരോപണങ്ങളിലൊന്നായിരുന്നു പമ്പയിലെ മണല്‍ക്കടത്ത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എതിര്‍കക്ഷിയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് വിജിലന്‍സ് അന്വേഷണം തല്‍ക്കാലത്തേക്ക് ഹൈക്കോടതി തടയുകയായിരുന്നു. രണ്ട് മാസം കഴിഞ്ഞ് ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ടതിന് ശേഷമായിരിക്കും ഹൈക്കോടതി അന്തിമ തീരുമാനത്തില്‍ എത്തുക.

Top