കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി ആറു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. ഇതിലുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്.
കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തുകയായിരുന്നു.
മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ല്‍ ആദായനികതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവര്‍ഷം പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.