മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി: മന്ത്രിമാരുടെ പേഴ്‌സനൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. ഇതു സർക്കാരിന്റെ നയപരമായ കാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ്, ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. പേഴ്‌സനൽ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്നു കോടതി നിരീക്ഷിച്ചു.

മന്ത്രിമാരുടെ പേഴ്‌സനൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. നിയമനം പിഎസ്‌സി വഴി ആക്കണമെന്നും രണ്ടു വർഷം മാത്രം ജോലി ചെയ്തവർക്കു പെൻഷൻ നൽകുന്നത് അവസാനിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

പെഴ്‌സനൽ സ്റ്റാഫ് വിശ്വസ്തർ ആയിരിക്കണമെന്നത് തള്ളാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു. പഴ്‌സനൽ സ്റ്റാഫിനെ നിയമിക്കുന്നത് സർക്കാരിന്റെ നയപരമായ കാര്യമാണ്. നിയമനം പിഎസ്‌സി വഴി ആക്കണമെന്ന വാദം പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. അതേസമയം പഴ്‌സനൽ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കേണ്ടതുണ്ട്. കണക്കില്ലാത്ത ആളുകളെ പഴ്‌സനൽ സ്റ്റാഫിൽ നിയമിക്കുന്നതു ശരിയല്ല. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും പഴ്‌സനൽ സ്റ്റാഫിനും ഇതു ബാധകമാണെന്ന് കോടതി പറഞ്ഞു.

Top