മുസ്ലിം വ്യക്തിനിയമം കോടതികള്‍ക്ക് തടയാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരം അനുവദിക്കപ്പെട്ട തലാഖ് ചൊല്ലാനുള്ള അവകാശവും ഒന്നിലേറെ വിവാഹം കഴിക്കാനുള്ള അവകാശവും തടയാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിച്ചിരിക്കുന്ന അവകാശങ്ങളില്‍നിന്ന് കോടതികള്‍ ഒരാളെ തടയുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ നിഷേധമാകുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

അന്തിമ തലാഖ് ചൊല്ലുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും തടയണമെന്ന ഭാര്യയുടെ ഹര്‍ജി അനുവദിച്ച കുടുംബക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കൊട്ടാരക്കര സ്വദേശിയായ മുസ്ലിം യുവാവ് നല്‍കിയ ഹര്‍ജയിലാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നും രണ്ടും തലാഖ് ചൊല്ലിക്കഴിഞ്ഞ് അന്തിമതലാഖിന് കാത്തിരിക്കുമ്പോഴാണ് ഭാര്യയുടെ ഹര്‍ജിയില്‍ ഇത് തടഞ്ഞ് കുടുംബക്കോടതി ഉത്തരവിട്ടത്. മറ്റൊരു ഹര്‍ജി പരിഗണിച്ച് വിവാഹവും തടഞ്ഞു. എന്നാല്‍, ഇത്തരമൊരു ഉത്തരവിടാന്‍ കുടുംബക്കോടതിക്ക് അധികാരമില്ലെന്ന് വിലയിരുത്തി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

മുസ്ലിം വ്യക്തിനിയമപ്രകാരം ഒരേസമയം ഒന്നിലേറെ വിവാഹം അനുവദനീയമാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, തലാഖ് ചൊല്ലിയത് നിയമപ്രകാരമല്ലെങ്കില്‍ ഭാര്യയ്ക്ക് ബന്ധപ്പെട്ട കോടതിയെ ഉചിതമായസമയത്ത് സമീപിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

Top