സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം

കൊച്ചി: സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം പാടില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വിധി പറയവേയാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മണക്കാട്ടെ സ്‌കൂള്‍ അടച്ചുപൂട്ടിയത്. ഇതിനു പിന്നാലെ സ്‌കൂള്‍ അടച്ച് പൂട്ടിയതിന് മാനേജ്‌മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.

സ്‌കൂളുകള്‍ ഒരു മതത്തിനു മാത്രം പ്രത്യേക പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണ്. സ്വന്തം മതം പ്രചരിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിലും പെതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത് പറ്റില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്ന് വ്യക്തമാക്കിയ കോടതി, ഹിദായ സ്‌കൂള്‍ അടച്ചുപൂട്ടിയ ഉത്തരവ് ശരിവെക്കുകയും ചെയ്തു.

Top