എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി

angamaly diocese

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി. ഭൂമിയിടപാടില്‍ മുഴുവന്‍ തുകയും നല്‍കിയിട്ടുണ്ടെന്ന് ഇടനിലക്കാരനും 18 കോടി രൂപയോളം ഇനിയും ലഭിക്കാനുണ്ടെന്ന് സഭയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആവശ്യം ഹൈക്കോടതി മുന്നോട്ട് വച്ചത്. പരാതി ലഭിച്ചിട്ടും കേസെടുത്ത് അന്വേഷിക്കാത്ത പൊലീസിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. ഭൂമിയിടപാടില്‍ മുഴുവന്‍ തുകയും നല്‍കിയിട്ടുണ്ടെന്ന് ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് കോടതിയെ അറിയിച്ചു.

3കോടി 90 ലക്ഷം രൂപ സഭയ്ക്ക് ബാങ്ക് വഴി കൈമാറിയിട്ടുണ്ട്. തന്റെ പക്കല്‍ നിന്നും പണം ലഭിച്ചതായി കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുളളവര്‍ സാക്ഷിപ്പെടുത്തിയ കരാര്‍ ഉണ്ടെന്നും തനിക്ക് സഭയുമായി ഇനി യാതൊരു സാമ്പത്തിക ബാധ്യതയില്ലെന്നും ഇടനിലക്കാരന്‍ കോടതിയെ അറിയിച്ചു.

അതേസമയം സാജു വര്‍ഗ്ഗീസില്‍ നിന്നും 18 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് സഭയും വ്യക്തമാക്കി. സഭ നിയോഗിച്ച വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ ഇടനിലക്കാരനില്‍ നിന്നും കോടികള്‍ ലഭിക്കാനുണ്ടെന്ന് കണ്ടെത്തിയതായി ഹര്‍ജിക്കാരനും അറിയിച്ചു.

ഇതോടെയാണ് വിഷയത്തില്‍ അന്വേഷണം വേണ്ടേയെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചത്.

പരാതിയുടെമേല്‍ അടയിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടതാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പ്രശ്‌നങ്ങള്‍ മധ്യസ്ഥതയിലൂടെ തീര്‍ക്കണമെന്ന ഇടനിലക്കാരന്റെ ആവശ്യവും കോടതി തള്ളി. അതേസമയം ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ നാളെയും വാദം തുടരും.

Top