ശബരിമലയിലെ തിരക്കിനിടയില്‍ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണം: ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ തിരക്കിനിടയില്‍ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശം. പോലീസിനും, ദേവസ്വം ബോര്‍ഡിനുമാണ് നിര്‍ദേശം നല്‍കിയത്. ക്യൂ കോംപ്ലക്‌സിലും പില്‍ഗ്രിം ഷെഡിലും ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കണമെന്നും ക്യൂവില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ സഹായിക്കാന്‍ കൂടുതല്‍ വളണ്ടിയര്‍മാരെ നിയോഗിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യൂ നിന്ന് തീര്‍ത്ഥാടകര്‍ ബോധരഹിതരാകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലക്കലില്‍ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസ് ഉറപ്പാക്കണം. ബസുകളില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ കയറുന്നില്ലെന്നും ഉറപ്പുവരുത്തണം. ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലക്കലിലെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ പത്തനംതിട്ട ആര്‍ടിഒ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Top