ശബരിമല ദർശനത്തിന് ആർക്കും പ്രത്യേക പരി​ഗണന വേണ്ടെന്ന് ഹൈകോടതി

കൊച്ചി: ശബരിമലയിലേക്കുളള ഹെലികോപ്റ്റർ സർവീസിനും സന്നിധാനത്ത് വിഐപി ദർശനത്തിനും എതിരെ ഹൈകോടതി ഉത്തരവ്. സന്നിധാനത്ത് എല്ലാവരും സാധാരണ ഭക്തരാണെന്നും ആർക്കും പ്രത്യേക പരി​ഗണന വേണ്ടെന്നും ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രത്യേക പരി​ഗണന ആർക്കും നൽകുന്നില്ലെന്ന് ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് നടത്തുമെന്ന് ഹെലി കേരള കമ്പനി അവരുടെ വെബ്സൈറ്റിൽ പരസ്യം നൽകുകയായിരുന്നു. 48,000 രൂപയ്ക്കാണ് കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ വാ​ഗ്ദാനം ചെയ്തത്. ഇത് ഹൈകോടതിയുടെ ശ്രദ്ധയിൽപ്പെടുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തു.കമ്പനിക്കെതിരെ കടുത്ത വിമർശനവും കോടതി നേരത്തെ ഉന്നയിച്ചിരുന്നു. തുടർന്ന് കമ്പനിയോട് പരസ്യം പിൻവലിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്.

Top