ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചതിനെതിരായ ലാബുടമകളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

kerala-high-court

കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ് ഉടമകളുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണെന്നാണ് ലാബ് ഉടമകളുടെ വാദം എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളിലും പരിശോധന നിരക്ക് കുറവാണെന്ന് കോടതി നിരീക്ഷിച്ചു.

പരിശോധനാനിരക്ക് കുറച്ചത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പരിശോധന നിരക്ക് കുറച്ചത് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ വീണ്ടും സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

നിരക്ക് 1700 രൂപയില്‍നിന്ന് 500 ആയി കുറച്ച ഏപ്രില്‍ 30ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. ഏകപക്ഷീയമായി നിരക്ക് കുറച്ചത് നിയമപരമല്ലെന്നും തീരുമാനം സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടെങ്കിലും സിംഗിള്‍ ബെഞ്ച് അനുവദിച്ചില്ല. തുടര്‍ന്നാണ് അപ്പീല്‍ ഹരജി നല്‍കിയത്. മറ്റ് സംസ്ഥാനങ്ങളിലെ കുറഞ്ഞ നിരക്ക് വിലയിരുത്തിയാകും സ്‌റ്റേ ആവശ്യം സിംഗിള്‍ ബെഞ്ച് നിരസിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Top