അനധികൃത സ്വത്ത്; ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസില്‍ ജേക്കബ് തോമസിന് എതിരായ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുള്ള സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.

തമിഴ്നാട്ടിലെ രാജപാളയത്ത് നൂറേക്കര്‍ ഭൂമി വാങ്ങിയയതിന് എതിരെ വിജിലന്‍സ് റജീസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്.നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെ തനിക്കെതിരായ വിജിലന്‍സ് അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.

അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ഷര്‍സി കേസ് ജൂലൈ ഒന്നിലേക്ക് മാറ്റി.അന്വേഷണത്തില്‍ സ്റ്റേ ആവശ്യം കോടതി നിരസിച്ചു.

ഇരുപത് വര്‍ഷം മുന്‍പ് നടന്ന ഇടപാട് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. കമ്പനിക്ക് വേണ്ടിയാണ് ഭൂമി വാങ്ങിയതെന്ന ജേക്കബ് തോമസിന്റെ വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.ഭൂമിയുടെ ആധാരത്തില്‍ ജേക്കബ് തോമസിന്റെ പേരുണ്ട്. കമ്പനിക്ക് വേണ്ടിയാണ് ഭൂമിവാങ്ങിയതെങ്കില്‍ ഇതുവരെ കമ്പനിക്ക് കൈമാറിയിട്ടില്ലെന്നും സര്‍ക്കാര്‍ചൂണ്ടിക്കാട്ടി.

Top