High Court rejected CBI probe-Jacob Thomas

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി.

ഐജിയായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്ത് കൊല്ലത്തെ സ്വകാര്യ കോളജില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങിയെന്നാണ് ആരോപണം. കേസെടുക്കാന്‍ പര്യാപ്തമായ വസ്തുതകള്‍ ഹര്‍ജിയില്‍ ഇല്ലെന്നു കോടതി കണ്ടെത്തി.

ഇതില്‍ നേരത്തെ അന്വേഷണം നടന്നിരുന്നു. പിന്നീട് ജേക്കബ് തോമസ് പ്രതിഫലം തിരികെ നല്‍കിയിരുന്നു. ഇതില്‍ വീണ്ടും അന്വേഷണം നടത്താന്‍ പര്യാപ്തമായ വസ്തുതകള്‍ ഇല്ലെന്നു കോടതി നിരീക്ഷിച്ചു.

സ്വകാര്യ സ്ഥാപനമായ കൊല്ലത്തെ ടി.കെ.എം മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജേക്കബ് തോമസ് പ്രതിമാസം 1.69 ലക്ഷം രൂപ കൈപ്പറ്റി ജോലി ചെയ്തത് സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ ആണ് ഹര്‍ജി നല്‍കിയത്.

ജേക്കബ് തോമസിനെതിരായ ഹര്‍ജി അന്വേഷിക്കാന്‍ തയ്യാറാണെന്ന സി.ബി.ഐ നിലപാടില്‍ ദുരൂഹതയുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ വാാദിച്ചിരുന്നു. ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചത് സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ചാണ്.

1968 ലെ ആള്‍ ഇന്ത്യ സര്‍വീസ് (ഡിസിപ്‌ളിന്‍ ആന്‍ഡ് അപ്പീല്‍) ചട്ടത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് തടസമില്ല.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നേ പറയുന്നുള്ളൂ. അനുമതി നല്‍കാനും ഉദ്യോഗസ്ഥന്‍ ജോലി ചെയ്തത് ശരിവയ്ക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. പ്രതിഫലം ജേക്കബ് തോമസ് തിരികെ നല്‍കിയതിനാല്‍ ശിക്ഷാ നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ജേക്കബ് തോമസ് ജോലി നോക്കിയതു ശരിവയ്ക്കുകയും ചെയ്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ വിശദീകരണവും സമര്‍പ്പിച്ചിരുന്നു.

അന്വേഷണം നടത്താമെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചതിന്റെ വിശദീകരണം തേടി ജേക്കബ് തോമസ് സി.ബി.ഐ ഡയറക്ടര്‍ക്ക് കത്തയച്ചതും മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയതും ശരിയായില്ലെന്നായിരുന്നു സി.ബി.ഐയുടെ വാദം.

Top