സിസ തോമസിനെതിരായ സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സിസ തോമസിനെതിരായ സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസും തുടര്‍ നടപടികളുമാണ് റദ്ദാക്കിയത്. സിസ തോമസ് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് കോടതി ഇടപെടല്‍. അനുമതിയില്ലാതെ കെ.ടി.യു , വി സി സ്ഥാനം ഏറ്റെടുത്തതിലായിരുന്നു സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സര്‍ക്കാറിന്റെ പ്രതികാര നടപടികള്‍ സര്‍വീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സിസ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. നടപടികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാറിന് ട്രൈബ്യൂണല്‍ നല്‍കിയ നിര്‍ദേശം. തുടര്‍ന്നാണ് സിസ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കിയത്.

സാങ്കേതിക സര്‍വകലാശാല വി.സിയായിരുന്ന രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടര്‍ന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ യു.ജി.സി ചട്ടപ്രകാരം സിസ തോമസിനെ വൈസ് ചാന്‍സലറായി നിയമിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചു. എന്നാല്‍ നിയമനം നിയമപരമെന്നാണ് കോടതി വിധിച്ചത്.

Top