കേരള സര്‍വകലാശാലയിലെ 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സര്‍വകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് 2017-ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവിട്ടത്.

അപേക്ഷകരായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ: ജി. രാധാകൃഷ്ണപിള്ള, കേരള സര്‍വകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ: ടി.വിജയലക്ഷ്മി എന്നിവര്‍ ഫയല്‍ ചെയത ഹര്‍ജിയിന്മേലാണ് ഉത്തരവ്.

വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാല്‍ ഒഴിവുകളിലെ സംവരണം 100 ശതമാനമാകും. ഇത് മെറിറ്റില്‍ നിയമനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്നും അതിനാല്‍ 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും റദ്ദാക്കുന്നതായി കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

2017-ലെ വിജ്ഞാപന പ്രകാരം 58 പേരെയാണ് കേരള സര്‍വകലാശാല വിവിധ വകുപ്പുകളില്‍ അധ്യാപകരായി നിയമിച്ചത്. മുന്‍ എം.പി. പി. കെ. ബിജുവിന്റെ ഭാര്യ വിജി വിജയന്റെ ബിയോകെമിസ്ട്രി വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായുള്ള നിയമനവും ഇക്കൂട്ടത്തില്‍പെടും.

Top