കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ഓഫീസ് പൊളിച്ചു മാറ്റാനുള്ള മുംബൈ കോര്‍പ്പറേഷന്റെ തീരുമാനത്തിന് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ. കോര്‍പ്പറേഷന്‍ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കങ്കണ കോടതിയെ സമീപിച്ചിരുന്നു.

മുംബൈയിലെ പോഷ് പലി ഹലി ഹില്‍ ഏരിയയിലുള്ള ബംഗ്ലാവിനോട് ചേര്‍ന്നാണ് ഓഫീസ് മുറി സ്ഥിതി ചെയ്യുന്നത്. കങ്കണയുടെ ബംഗ്ലാവില്‍ നിരവധി നിര്‍മാണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയെന്നും ഇത് നഗരസഭയുടെ അനുമതിയോടെയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്‍ നടപടിയെടുത്തത്.

കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് കങ്കണയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ കങ്കണ രേഖകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

Top