ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്രയ്ക്ക് ഹൈക്കോടതി വിലക്ക്

കൊച്ചി: ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറില്‍ ആളുകളെ എത്തിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍, ഭക്തര്‍ എന്നിവരെ ട്രാക്ടറില്‍ എത്തിക്കുന്നതിനെതിരെയാണ് വിധി. കോടതി സ്വമേധയാ എടുത്ത കേസില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി.

അതേസമയം, ശബരിമല ഇടത്താവളങ്ങളില്‍ ഒരുക്കങ്ങള്‍ ഇഴയുകയാണ്. ഇതര സംസ്ഥാന ഭക്തര്‍ കൂടുതലായി എത്തുന്ന പന്തളത്ത് ഇത്തവണ പാര്‍ക്കിംഗും വെല്ലുവിളിയാകും. ദേവസ്വ്ം ബോര്‍ഡ് അന്നദാനം നടത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. റാന്നിയില്‍ പത്ത് വര്‍ഷം മുന്‍പ് തുടങ്ങിയ തീര്‍ത്ഥാടന വിശ്രമ കേന്ദ്രം അനിശ്ചിതത്വത്തിലാണ്.

ബസ് ഉള്‍പ്പെടെ നിര്‍ത്തിയിട്ടിരുന്ന കുളനട പഞ്ചായത്തിന്റെ പാര്‍ക്കിംഗ് സ്ഥലം ഡിറ്റിപിസി മതില്‍ കെട്ടിതിരിച്ചതോടെ എംസി റോഡില്‍ തന്നെ വാഹനം ഒതുക്കേണ്ടി വരും. അന്നദാന മണ്ഡപം താത്കാലിക വൈദ്യുതി കണക്ഷനോടെ തുറന്നെങ്കിലും സാനിറ്റൈസേഷന്‍ പണികള്‍ പൂര്‍ത്തിയാകാനുണ്ട്.

റാന്നിയില്‍ 2013ല്‍ ആരംഭിച്ച ബസ് സ്റ്റാന്‍ഡ് കം പില്‍ഗ്രിം സെന്റര്‍ കാടുകയറി കിടക്കുന്നു. എരുമേലി വഴി കാല്‍നടയായി പോകുന്ന ഭക്തര്‍ക്ക് ഉപകാരപ്പെടേണ്ട കേന്ദ്രമാണ് കരാറുകാരനുമായുള്ള തര്‍ക്കത്തിലും നിയമക്കുരുക്കിലും മുടങ്ങികിടക്കുന്നത്.

എന്നാല്‍, വടശേരിക്കരയിലും പത്തനംതിട്ട നഗരത്തിലുമുള്ള ഇടത്താവളങ്ങളില്‍ സജ്ജീകരണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. പമ്പയിലും സന്നിധാനത്തും വിരിവെക്കാന്‍ കഴിയാത്തതിനാലും ഹോട്ടലുകള്‍ ലേലത്തില്‍ പോകാത്തതിനാലും ഇത്തവണ ഭക്തര്‍ ഏറെയും ആശ്രയിക്കുക ഇടത്താവളങ്ങളെയാകും.

Top