സില്‍വര്‍ ലൈന്‍: പദ്ധതിയില്‍ വ്യക്തത വരുത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്ര അനുമതിയുണ്ടോ എന്ന് വിശദീകരിക്കണമെന്നാണ് സിംഗിള്‍ ബഞ്ചിന്റെ നിര്‍ദ്ദേശം. ഭൂമിയില്‍ സര്‍വ്വേ കല്ലുകള്‍ കണ്ടാല്‍ ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ സര്‍വ്വേ നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു കെ റയില്‍ വിശദീകരണം.

സില്‍വര്‍ ലൈന്‍ അതിരടയാളക്കലിടുന്നതുമായി ബന്ധപ്പെട്ട നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ചപ്പോളാണ് നാല് കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി പറഞ്ഞത്. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ?, സര്‍വ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സര്‍വ്വേസ് ആന്റ് ബൗണ്ടറീസ് ആക്ടില്‍ വ്യക്തമാക്കിയ അളവിലുള്ളതാണോ?, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്നുണ്ടോ? കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്.

സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനത്തെ ഭയപ്പെടുത്തുകയാണ്. സര്‍വ്വേയുടെ പേരില്‍ വലിയ കല്ലുകള്‍ സ്ഥാപിക്കുന്നതാണ് പ്രശ്‌നം. ഇത്തരം കല്ലുകള്‍ കണ്ടാല്‍ ഭൂമിയ്ക്ക് ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കില്ലെ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ പദ്ധതിയ്ക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കാനും സര്‍വ്വേ നടത്താനും സ്വകാര്യ ഭൂമിയില്‍ കയറാന്‍ അധികാരമുണ്ടെന്ന് കെ റെയില്‍ അധികൃതര്‍ വിശദീകരിച്ചു. ആരെയും ഭയപ്പെടുത്തിയല്ല സര്‍വ്വേ നടത്തുന്നത്. പൊലീസ് എത്തിയത് സര്‍വ്വേ നടത്തുന്നവരുടെ സംരക്ഷണത്തിനാണ്. പല സ്ഥലത്തും പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഉപകരണങ്ങള്‍ കേട് വരുത്തുകയും ചെയ്‌തെന്ന് കെ റെയില്‍ അധികൃതര്‍ വിശദീകരിച്ചു. ഹര്‍ജി വേനലവധിയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Top